കൊച്ചി: ദുരന്തങ്ങളിലും അപകടങ്ങളിലും ഭിന്നശേഷിക്കാരുടെയും പ്രത്യേകപരിഗണന അർഹിക്കുന്നവരുടെയും സുരക്ഷക്കാവശ്യമായ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി തണൽ പാലിയേറ്റീവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി പുറത്തിറക്കിയ മാർഗരേഖയുടെ പ്രകാശനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. തണൽ ജില്ലാ കമ്മിറ്റി അംഗം സി.സി. സന്തോഷ് മാർഗരേഖ ഏറ്റുവാങ്ങി. തണൽ ജനറൽ സെക്രട്ടറി കെ.കെ. ബഷീർ, സെക്രട്ടറി സാബിത് ഉമർ എന്നിവർ സന്നിഹിതരായിരുന്നു. ഭിന്നശേഷിസംയോജിത രക്ഷപ്രവർത്തനങ്ങൾ, രീതികൾ, ഉപകരണങ്ങൾ, സംവിധാനങ്ങൾ എന്നിവയാണ് മാർഗരേഖയിൽ ഉൾപ്പെടുന്നത്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഓറഞ്ച് ബുക്കിൽ ഭിന്നശേഷിക്കാർക്കുള്ള രക്ഷാപ്രവർത്തന പദ്ധതികൾ തയ്യാറാക്കാനുള്ള വിദഗ്ദ്ധ ഏജൻസിയായി തണലിനെയാണ് തിരഞ്ഞെടുത്തത്. 2018 ലെ പ്രളയകാലത്ത് തണൽ നടത്തിയ ഭിന്നശേഷി സംയോജിത ലഘൂകരണ പ്രവർത്തനങ്ങൾ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിലും പരാമർശിച്ചിരുന്നു.