കൊച്ചി: ചമ്പക്കര കനാലിന് കുറുകെയുള്ള രണ്ടാം പാലം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രണ്ടു ലൈനുകളിലായി ഉണ്ടായിരുന്ന പഴയ പാലത്തിന് പകരമായാണ് നാലുവരിയുള്ള പുതിയ പാലം മെട്രോ പാതയോട് ചേർന്ന് കെ.എം.ആർ.എൽ പണി കഴിപ്പിച്ചത്. ദേശീയജലപാതയുടെ മീതെ കൂടിയാണ് പാലം കടന്നുപോകുന്നത്. പത്തുമാസത്തിനുള്ളിൽ രണ്ടാമത്തെ പാലത്തിന്റെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കെ.എം.ആർ.എൽ എം.ഡി അൽക്കേഷ്‌കുമാർ ശർമ്മ പറഞ്ഞു. പാലം തുറക്കുന്നതോടെ ഇവിടത്തെ ഗതാഗക്കുരുക്കിന് ശമനമാകും. ആദ്യത്തെ പാലം ഒരുവർഷംമുമ്പ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു.
നിലവിലെ പാലത്തിനോടു ചേർന്നുതന്നെയാണ് പുതിയ പാലം. 10 സ്പാനുകളുള്ള പാലത്തിന്റെ നീളം 350 മീറ്ററും വീതി ഏഴര മീറ്ററുമാണ്. ചമ്പക്കര കനാലിലൂടെ ബാർജുകളൊക്കെ പോകുന്നതിനാൽ കനാലിന്റെ മുകളിൽ 45 മീറ്റർ നീളത്തിൽ ഒറ്റസ്പാനാണ് എന്നത് ഈ പാലത്തിന്റെ പ്രത്യേകതയാണ്. മദ്ധ്യഭാഗം നന്നായി ഉയർന്നുനിൽക്കുന്ന പാലമാണിത്.
തൈക്കൂടത്തേക്ക് മെട്രോ പാത നീട്ടുന്നതിന് മുന്നോടിയായാണ് റോഡിന്റെ വീതി കൂട്ടിയതും ചമ്പക്കര പാലം പണികഴിപ്പിച്ചതും. തൈക്കൂടം പേട്ട മെട്രോ പാതയുടെ പണി മാർച്ചിൽ പൂർത്തിയായെങ്കിലും കൊവിഡ് മൂലം സെപ്തംബറിലാണ് ഉദ്ഘാടനം നടന്നത്. നാലുവരി പാലത്തിനായി 50 കോടിയാണ് ചെലവഴിച്ചിരിക്കുന്നത്.