
കൊച്ചി : ശ്രീനാരായണ ഗുരു ഒാപ്പൺ സർവകലാശാലയിലേക്ക് മറ്റു സർവകലാശാലകളിലെ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളെ മാറ്റുന്നത് യു.ജി.സി അംഗീകാരം ലഭിക്കുന്നതു വരെ നീട്ടിവയ്‌ക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മതിയായ അനുമതി യു.ജി.സിയിൽ നിന്ന് നേടാതെയാണ് പുതിയ സർവകലാശാലയിലെ കോഴ്സുകളും നടപടിയുമെന്നു ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശി കെ.ആർ. അശോക്‌കുമാർ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ച് നിർദേശം. യു.ജി.സിയുടെ അംഗീകാരത്തിനായി ഇതിനകം സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സർക്കാരും യു.ജി.സിയും വിശദീകരണം നൽകണം. ഹർജികൾ ഒക്ടോബർ 16ന് വിശദ വാദത്തിനായി വീണ്ടും പരിഗണിക്കും.
വിദൂര, പ്രൈവറ്റ് രജിസ്ട്രേഷന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇനി പുതിയ സർവകലാശാലയിലാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന ഒാർഡിനൻസിലെ വ്യവസ്ഥയാണ് ഹർജിക്കാർ ചോദ്യംചെയ്തത്. ഇതു നടപ്പാക്കുന്നതോടെ കേരള, എം.ജി, കണ്ണൂർ, കലിക്കറ്റ് സർവകലാശാലകളിൽ നിലവിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളെ പുതിയ സർവകലാശാലയിലേക്ക് മാറ്റേണ്ടിവരും. വിദ്യാർത്ഥികളെ മാറ്റിയ ശേഷം യു.ജി.സിയുടെ അനുമതിയില്ലാതെ വന്നാൽ ഇവരുടെ ഭാവി ഇരുട്ടിലാകുമെന്നാണ് ഹർജിക്കാർ വാദിച്ചത്. 'പ്രതിഭ' എന്ന പേരിൽ പാരലൽ കോളേജ് നടത്തുന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ സെക്രട്ടറിയാണ് ഹർജിക്കാരൻ. രജിസ്റ്റർ ചെയ്ത 720 പാരലൽ കോളേജുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും മൂന്നു ലക്ഷത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.