whatsapp

കോലഞ്ചേരി: തകർന്ന് തരിപ്പണമായ രണ്ട് റോഡ് അറ്റകുറ്റപ്പണിക്കായി കുന്നത്തുനാട്ടുകാരെല്ലാം വിവിധ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒന്നിക്കുകയാണ്. നെല്ലാട് - മനയ്ക്കക്കടവ് - പട്ടിമ​റ്റം - പത്താം മൈൽ റോഡ്, മണ്ണൂർ - പോഞ്ഞാശേരി റോഡ് എന്നീ പാതകളിലെ ദുരിതയാത്രയ്ക്ക് അറുതി വരുത്താനാണ് വാട്സ്ആപ്പിലെ ഒത്തുചേരൽ. മൂന്നാഴ്ച മുമ്പാണ് ഏതാനും ചെറുപ്പക്കാർ ചേർന്നാണ് 'പട്ടിമറ്റം റോഡ് സംയുക്ത സമരസമിതി', നോ റോഡ്, നോ വോട്ട് എന്ന ഗ്രൂപ്പുകൾ ആരംഭിച്ചത്. പണിതിട്ടും പണിതിട്ടും പണിതീരാത്ത റോഡുകളാണ് ഇതെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇക്കാര്യത്തിൽ പരസ്പരം പഴിചാരുകയാണ് ചെയ്യുന്നതെന്നും വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ ആരോപിച്ചു.

ഇരുറോഡുകളുടെ നവീകരണത്തിനായി രണ്ട് വർഷം മുമ്പ് 55 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഒരു വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് വാക്കിലൊരുങ്ങി. നിലവിൽ വാട്ടർ അതോറി​റ്റിയുടെ പൈപ്പ് മാ​റ്റിയിടൽ ജോലികൾ പൂർത്തീകരിച്ചത് മാത്രമാണ് ആകെ നടന്ന ജോലി. റോഡ് നവീകരണം എന്ന് ആരംഭിക്കുമെന്ന് ചോദ്യങ്ങൾക്ക് ജനപ്രതിനിധികളും അധികൃതരും ഒഴിഞ്ഞുമാറുകയാണെന്നും ആക്ഷേപമുണ്ട്. അതേസമയം റോഡ് തകർന്ന് തരിപ്പണമായതോടെ പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. റോഡരികിൽ താമസിക്കുന്നവർ മുൻവശം ടാർപ്പായ ഉപയോഗിച്ച് മൂടിയിരിക്കുകയാണ്. പതിവായി ഇതുവഴി യാത്ര ചെയ്യുന്നവർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങളും പിടിപെട്ടു കഴിഞ്ഞു. ഇതുവഴിയുള്ള ബസുകൾ ഈ റൂട്ട് ഉപേക്ഷിച്ചുകഴിഞ്ഞു.

ചർച്ച റോ‌ഡ് മാത്രം!

പട്ടിമറ്റം റോഡ് സംയുക്ത സമര സമിതി, നോ റോഡ്, നോ വോട്ട് എന്നിങ്ങനെയാണ് ഗ്രൂപ്പുകളുടെ പേര്. മൂന്നാഴ്ച മുമ്പാണ് ഗ്രൂപ്പ് തുടങ്ങിയത്. നിലവിൽ പട്ടിമ​റ്റത്തും,വളയൻ ചിറങ്ങരയിലും സജീവമാണ് ഗ്രൂപ്പ്. റോഡ് സംബന്ധമായ കാര്യങ്ങൾ മാത്രമേ ഗ്രൂപ്പ് ചർച്ച് ചെയ്യാന പാടുള്ളൂ. രാഷ്ട്രീയം പറഞ്ഞാൻ പടിക്ക് പുറത്താണ്. അതേസമയം റോഡിനായുള്ള ഗ്രൂപ്പിന്റെ ഇടപെടൽ ഇതിനോടകം ശ്രദ്ധയേയമായിട്ടുണ്ട്.

സമരത്തിന് സജ്ജം

റോഡ് നവീകരണം അനിശ്ചിതമായി നീണ്ടാൽ സത്യാഗ്രഹ സമരമടക്കം നടത്താനാണ് ഗ്രൂപ്പ് അംഗങ്ങൾ ആലോചിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും ആലോചനയുണ്ട്. 32.64 കോടി രൂപയാണ് അനുവദിച്ചത്. മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന് 23.74 കോടിയും.