kunnathunadu
കുന്നത്തുനാട് താലൂക്ക് ആഫീസ്

കോലഞ്ചേരി: വടക്കൻപാട്ടിലെ പേരിനോടാണ് സാമ്യം. സാങ്കല്പി​ക കഥയി​ലെ പോലെ തന്നെയാണ് ഈ സ്ഥലപ്പേരും. നിയോജകമണ്ഡലം ഉൾപ്പടെ സകലയിടത്തും കുന്നത്തുനാട് എന്ന നാടുണ്ട്. പക്ഷേ അങ്ങിനെ ഒരു സ്ഥലം ഈ ഭൂമി മലയാളത്തിലില്ല.

കുന്നത്തുനാട്ടുകാരോട് ചോദിച്ചാൽ മറുപടി സിംപിൾ, എവിടെയും കുന്നത്തുനാടല്ലേ ? താലൂക്ക്, പഞ്ചായത്ത്,വില്ലേജ്, പൊലീസ് സ്റ്റേഷൻ, സഹകരണ ബാങ്ക്, എസ്.എൻ.ഡി.പി യൂണിയൻ, എൻ.എസ്.എസ് കരയോഗം, ലൈബ്രറി കൗൺസിൽ, സർവ്വീസ് സൊസൈറ്റി, ജേർണലിസ്റ്റ് യൂണിയൻ, റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി... അങ്ങിനെ അങ്ങിനെ നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും കുന്നത്തുനാടെന്നൊരു സ്ഥലം മാത്രമില്ല.

വാഴക്കുളം, കിഴക്കമ്പലം,കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട്, പൂതൃക്ക, പുത്തൻകുരിശ്, തിരുവാണിയൂർ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് കുന്നത്തുനാട് നിയോജകമണ്ഡലം . 1967 ലാണ് മണ്ഡലം രൂപീകരിച്ചത് ഇന്നു വരെ 14 തിരഞ്ഞെടുപ്പുകൾ നടന്നു. ആദ്യ എം.എൽ.എ എം.കെ കൃഷ്ണനായിരുന്നു. നിലവിൽ വി.പി സജീന്ദ്രനും.

കുന്നത്തുനാട് പഞ്ചായത്തും, വില്ലേജ് ഓഫീസും പള്ളിക്കരയിലാണ്, പൊലീസ് സ്റ്റേഷൻ പട്ടിമറ്റത്തും, താലൂക്ക് ഓഫീസും, എസ്.എൻ.ഡി.പി, എൻ.എസ്.എസ്, ലൈബ്രറി കൗൺസിൽ തുടങ്ങിയവയുടെ ആസ്ഥാനം പെരുമ്പാവൂരിലുമാണ്.

4,69,164 പേരാണ് കുന്നത്തുനാട്ടിൽ വസിക്കുന്നത്. ഇതിന്റെ മൂന്നിലൊന്നോളം അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെ വേറയുമുണ്ട്.

പഴയ കൊച്ചിയുടെ ഭാഗമായിരുന്ന ആലങ്ങാട്, പറവൂർ താലൂക്കുകൾ വിഭജിച്ചാണ് കുന്നത്തുനാട് താലൂക്ക് ഉണ്ടായതെന്നാണ് ചരിത്രം.

കുന്നത്തുനാടിനെ പോലെ തന്നെയാണ് വയനാട് ജില്ല. വയനാടെന്നൊരു സ്ഥലമില്ല. കണയന്നൂർ താലൂക്കും ഇത്തരത്തിൽ തന്നെയാണെങ്കിലും താലൂക്കിലെ ചോറ്റാനിക്കരക്കടുത്ത് ചെറിയൊരു സ്ഥലത്തിന്റെ പേര് കണയന്നൂർ എന്നാണ്.നിറയെ കുന്നുകളുണ്ടായിരുന്ന കുന്നത്തുനാട്ടിൽ ഇപ്പോൾ അധികം കുന്നുകളൊന്നും അവശേഷിക്കുന്നില്ല. മണ്ണു മാഫിയയുടെ കടന്നാക്രമണം കുന്നത്തുനാടിന്റെ ഭൂപ്രകൃതിയെ പാടെ തകിടം മറച്ചു കളഞ്ഞു.

കുന്നത്താനാട് ചില്ലറക്കാരനല്ല

ചില്ലറയല്ല കുന്നത്താനാടിന്റെ മഹിമ. ഫാക്ട് അമ്പലമേട് കൊച്ചിൻ ഡിവിഷൻ, ബി.പി.സി.എൽ കൊച്ചി റിഫൈനറി, എച്ച്.ഒ.സി, ഐ.ഒ.സി, ഫിലിപ്സ് കാർബൺ ബ്ളാക്ക്, വീഗാലാന്റ്,സ്മാർട്ട് സിറ്റി, ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം, ചരിത്രപ്രസിദ്ധമായ കടമറ്റം പള്ളി, ഇന്ത്രാൻചിറ ടൂറിസ്റ്റ് കേന്ദ്രം, ആദി ശങ്കരന് വിശപ്പകറ്റാൻ നല്കിയ നെല്ലിക്ക സ്വർണ്ണമാക്കി തിരിച്ചു നല്കിയെന്ന ഐതിഹ്യം നിലനില്ക്കുന്ന പഴന്തോട്ടം സ്വർണ്ണത്തുമന, കടമ്പ്രയാർ ടൂറിസ്റ്റ് കേന്ദ്രമടക്കം ഇവിടെയാണ്.