kerala-high-court

കൊച്ചി: സംസ്ഥാനത്തെ നഗരങ്ങളിൽ മുനിസിപ്പൽ നിയമങ്ങൾ നടപ്പാക്കാനും മാലിന്യം വലിച്ചെറിയുന്നതു തടയാനുമൊക്കെയായി മുനിസിപ്പൽ പൊലീസ് ഒാഫീസിന് രൂപംനൽകേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി. റെയിൽവേയുടെ ഉടമസ്ഥതയിൽ കൊച്ചി നഗരത്തിലുള്ള മംഗളവനത്തിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ നടപടി വേണമെന്ന ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ ശിക്ഷകിട്ടുമെന്ന ഭയമുണ്ടെങ്കിലേ ഇതു തടയാൻ സാധിക്കൂ. ഇൗ സാഹചര്യത്തിലാണ് മുനിസിപ്പൽ പൊലീസ് ഒാഫീസിന് രൂപം നൽകുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

ഇന്ത്യാ ഗവൺമെന്റിന്റെ രണ്ടാം ഭരണപരിഷ്‌കരണ കമ്മിഷന്റെ ശുപാർശയിൽ പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള മെട്രോപ്പൊളിറ്റൻ നഗരങ്ങളിൽ നിയമങ്ങൾ നടപ്പാക്കുന്നതിന് മുനിസിപ്പൽ പൊലീസ് ഒാഫീസ് സ്ഥാപിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. ഇത്തരമൊരു സംവിധാനത്തിന് രൂപംനൽകണമെന്ന് സർക്കാരിന് ഉത്തരവു നൽകാൻ കോടതിക്കു കഴിയില്ല. എന്നാൽ ഉത്തരവാദിത്വമുള്ള ഒരു സർക്കാരിന് ഇൗ സംവിധാനം രൂപീകരിക്കുന്ന വിഷയം അവഗണിക്കാൻ കഴിയില്ല. കൊച്ചി നഗരത്തിൽ മുനിസിപ്പൽ പൊലീസ് ഒാഫീസിന് രൂപം നൽകാൻ എന്തു ചെയ്യാനാവുമെന്നും നിലവിലുള്ള പൊലീസ് ഫോഴ്സിൽനിന്ന് ഡെപ്യൂട്ടേഷനിൽ പൊലീസുകാരെ ഇതിലേക്ക് നിയോഗിക്കാനാവുമോയെന്ന കാര്യവും സർക്കാർ വിശദീകരിക്കാനും ഉത്തരവിൽ പറയുന്നുണ്ട്. നവംബർ 11 ന് ഹർജി വീണ്ടും പരിഗണിക്കും.

മുനിസിപ്പൽ പൊലീസിന്റെ ചുമതല

 മുനിസിപ്പൽ നിയമപ്രകാരമുള്ള കുറ്റങ്ങളിൽ നടപടിയെടുക്കുക

 നഗരത്തിലെ ട്രാഫിക് നിയന്ത്രണങ്ങൾ ഉറപ്പാക്കുക

 മാലിന്യങ്ങൾ വലിച്ചെറിയുന്നതു തടയുക

 തെരുവുകച്ചവടം നിയന്ത്രിക്കുക

 അനധികൃത പരസ്യങ്ങൾ തടയുക