klm
തങ്കളം ബൈപാസ് ജംഗ്ഷനിലെ വെള്ളക്കെട്ട് രൂപപ്പെട്ട നിലയിൽ

കോതമംഗലം: തങ്കളം ബൈപ്പാസ് ജംഗ്ഷനും റോട്ടറി ഭവന് മുന്നിലും ചെറിയ മഴയിൽ പോലും വെള്ളപ്പൊക്കം രൂക്ഷമാകും. ഇതിന് പരിഹാരം കാണുന്നതിനായി എം.എൽ.എ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തോടിന് വീതി കിട്ടുവാൻ തീരുമാനം എടുക്കുകയും ഇതിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ കുറച്ച് ഭാഗം തോടിന് വീതി കൂട്ടി ചെന്നപ്പോഴാണ് തോട് കൈയ്യേറികെട്ടിട നിർമ്മാണം നടത്തിയിരിക്കുന്നതായി മനസിലാകുന്നത്. അന്ന് നിലച്ച നിർമ്മാണം മാസങ്ങളായിട്ടും പുനരാരംഭിക്കാൻ റവന്യൂ വിഭാഗത്തിന് സാധിച്ചിട്ടില്ല .

സങ്കട ഹർജി നൽകി

സർവ്വകക്ഷിയോഗത്തൽ തീരുമാനിച്ചത് കൈയ്യേറ്റം ഉണ്ടെങ്കിൽ അത് ഒഴിപ്പിക്കണമെന്നാണ്. എന്നാൽ വൻ സ്രാവുകളുടെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടുത്തെ വെള്ളക്കെട്ട് ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ് അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷൻ, ആട്ടോമൊബൈൽ വർക് ഷോപ്പ് അസോസിയേഷനും സംയുക്തമായി തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസിന് സങ്കട ഹർജി നൽകി.ജോർജ്ജ് എടപ്പാറ, ബിനു ജോർജ്ജ്, കെ.ഒ.ഷാജി എന്നിവർ നേതൃത്വം നൽകി.

കുടിവെള്ളം മലിനമാകുന്നു

ഒറ്റപ്പെട്ട മഴയിൽ പോലും പ്രദേശം ആകെ വെള്ളത്തിൽ മുങ്ങുന്നതിനാൽ കിണറുകളിലെ വെള്ളം മലിനമാകുന്നതുമൂലം കുടിവെള്ളത്തിന് വർഷക്കാലത്ത് പോലും ഇവിടുത്തുകാർ ബുദ്ധിമുട്ടുകയാണ്. തങ്കളം ബൈപാസ് റോഡിന് സമീപത്ത് കുടി ഏകദേശം ആറ് അടിയോളം വീതിയിൽ വെള്ളം ഒഴുകിയിരുന്ന തോട് ഇന്ന് രണ്ട് അടിയായി കുറഞ്ഞത് എങ്ങിനെയെന്ന് കണ്ട് പിടിക്കേണ്ടതും തോട് പൂർവസ്ഥിതിയിൽ ആക്കേണ്ടതും റവന്യൂ വിഭാഗമാണ് അതു പോലെ തോട് കൈയ്യേറി നിർമ്മാണം നടത്തിയിരിക്കുന്നത് കണ്ടെത്തിയിട്ടും നടപടി എടുക്കാത്തതിലും സമീപവാസികൾ പ്രതിഷേധത്തിലാണ്.