വരുന്നൂ, മുനിസിപ്പൽ പൊലീസും നിർബന്ധിത യൂസർഫീസും
കൊച്ചി : നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നതു തടയാൻ കർശന നടപടികളെക്കുറിച്ച് ഹൈക്കോടതി ആലോചിക്കുന്നു. ഇതിന് നഗരപരിധിയിൽ മാലിന്യസംസ്കരണത്തിന് നിർബന്ധിത യൂസർ ഫീ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഹൈക്കോടതി കൊച്ചി നഗരസഭയ്ക്ക് നിർദേശം നൽകി. നഗരത്തിൽ റെയിൽവെയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നതു തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം.
മുനിസിപ്പൽ നിയമങ്ങൾ നടപ്പാക്കുന്നതിനായി മുനിസിപ്പൽ പൊലീസ് ഒാഫീസ് എന്ന സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ആലോചിക്കാനും നിർദേശിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനു ലെവി ഏർപ്പെടുത്തുന്നതിനെതിരെ വ്യപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹർജി യൂസർ ഫീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾക്ക് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പരിസ്ഥിതിലോല പ്രദേശങ്ങളിൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കഴിഞ്ഞ സെപ്തംബർ ഏഴിന് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.യൂസർഫീ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇതുകൂടി നഗരസഭ പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ബംഗളൂരു നഗരത്തിൽ ഇത്തരത്തിൽ യൂസർഫീ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേസിൽ കക്ഷിചേർത്ത ജസ്റ്റിസ് ബ്രിഗേഡ് ചൂണ്ടിക്കാട്ടി. നഗരത്തിൽ ഇത്തരം നിയമങ്ങൾ നടപ്പാക്കുന്ന അതോറിറ്റി പല്ലുകൊഴിഞ്ഞ നിലയിലാണെന്ന് കൊച്ചി കോർപ്പറേഷന്റെ അഭിഭാഷകനും വിശദീകരിച്ചു. തുടർന്നാണ് മുനിസിപ്പൽ പൊലീസ് ഒാഫീസ്, നിർബന്ധിത യൂസർ ഫീ തുടങ്ങിയ സംവിധാനങ്ങൾ ഹൈക്കോടതി ആലോചിക്കുന്നത്.
മാലിന്യങ്ങൾ വലിച്ചെറിയാൻ കാരണം
നഗരസഭയിപ്പോൾ ചില ഏജൻസികൾ മുഖേനയാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. നഗരത്തിൽ താമസിക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്നവർ മാലിന്യങ്ങൾ ഇത്തരം ഏജന്റുമാർക്ക് കൈമാറുന്ന രീതിയാണ് നിലവിലുള്ളത്. പലരും മാലിന്യങ്ങൾ പൊതുസ്ഥലത്തു വലിച്ചെറിയുന്ന സ്ഥിതിക്ക് ഇതൊരു കാരണമാകാം. നിർബന്ധമായും യൂസർ ഫീ നൽകണമെന്ന വ്യവസ്ഥ വന്നാൽ ഒരുപക്ഷേ എല്ലാവരും മാലിന്യങ്ങൾ കൃത്യമായി ഏജന്റുമാർക്ക് കൈമാറും.
നിർദേശങ്ങൾ
നഗരസഭാ കൗൺസിൽ നിർദ്ദേശിക്കുന്ന മാനദണ്ഡമനുസരിച്ച് നിർബന്ധിത യൂസർ ഫീ ഏർപ്പെടുത്തുന്നതിന്റെ സാദ്ധ്യത കൊച്ചി കോർപ്പറേഷൻ ആലോചിക്കണം.
നഗരത്തിന്റെ എല്ലാ മേഖലകളിലും നിരീക്ഷണകാമറകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം.
കൊച്ചി നഗരത്തിൽ മുനിസിപ്പൽ പൊലീസ് ഒാഫീസിനു രൂപം നൽകാൻ പൊലീസിനെ വിട്ടുനൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കണം.