
കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്നു പരിഗണിച്ചേക്കും.
മൂന്നു പ്രതികൾക്കെതിരെ ഇ.ഡി നൽകിയ അന്തിമ റിപ്പോർട്ടിൽ തന്നെ പ്രതി ചേർത്തിട്ടില്ലെങ്കിലും ചില സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ഹർജിയിൽ പറയുന്നു.
ഒരു മാസത്തിനകം വിവിധ അന്വേഷണ ഏജൻസികൾ 90 മണിക്കൂറിലേറെ ചോദ്യം ചെയ്തു. അറിയാവുന്ന വിവരങ്ങളെല്ലാം കൈമാറി. തനിക്കെതിരെ ഒരു കോടതിയിലും റിപ്പോർട്ട് നൽകിയിട്ടില്ല. എന്നാൽ ഇ.ഡിയുടെ അന്തിമ റിപ്പോർട്ടിൽ തനിക്ക് കേസിൽ ബന്ധമുണ്ടെന്ന രീതിയിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു.
വാട്സാപ്പ് സന്ദേശങ്ങൾ തെളിവല്ല
2019 നവംബർ മുതലാണ് പ്രതികൾ സ്വർണക്കടത്തു നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനേറെ മാസങ്ങൾക്ക് മുമ്പ് താൻ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തീയതി കൃത്യമായി വെളിപ്പെടുത്താതെ അനാവശ്യമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. തനിക്കു കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെറ്റിദ്ധാരണ ഉണ്ടാക്കാനാണിത്.
ഷാർജ ഭരണാധികാരി സ്വപ്നയ്ക്ക് ടിപ്പ് നൽകിയ തുകയെക്കുറിച്ചേ അറിയൂവെന്ന് ചോദ്യംചെയ്യലിൽ വ്യക്തമാക്കിയിരുന്നതാണ്. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയത്. വാട്സാപ്പ് സന്ദേശങ്ങൾ അയച്ചത് സ്വർണക്കടത്ത് നടന്നതിനും എട്ടു മുതൽ 12 മാസം മുമ്പാണ്. ഈ സന്ദേശങ്ങളയച്ചതും ലോക്കർ ഇടപാട് നടത്തിയതും സ്വർണക്കടത്തിലെ പണം കൈകാര്യം ചെയ്യാനാണെന്നു കുറ്റപത്രത്തിൽ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
അറസ്റ്റിനു വേണ്ടി മാദ്ധ്യമങ്ങളുടെ മുറവിളിയെന്ന്
മാദ്ധ്യമ വിചാരണയെത്തുടർന്ന് അന്വേഷണ ഏജൻസുകൾ സമ്മർദ്ദം നേരിടുന്നുണ്ട്. മാദ്ധ്യമങ്ങളുടെ തെറ്റായ പ്രചാരണവും ബാലിശമായ വാർത്തകളും പ്രായമായ മാതാപിതാക്കൾക്ക് മാനസിക സംഘർഷമുണ്ടാക്കുന്നു. മാദ്ധ്യമ വിമർശനങ്ങളിൽ നിന്ന് തടി രക്ഷിക്കാൻ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തേക്കും. 57 കാരനായ താൻ കൃത്യമായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുന്നുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹർജിയിൽ പറയുന്നു.