ആലുവ: ആലുവ മാർക്കറ്റിലെ 'തുമ്പൂർമുഴി മോഡൽ' മാലിന്യനിർമ്മാർജന പദ്ധതിക്കായി നിർമ്മിച്ച കെട്ടിടത്തിലെ കച്ചവടക്കാരുടെ കൈയേറ്റം നഗരസഭ ഒഴിപ്പിച്ചു. നോട്ടീസ് നൽകിയിട്ടും കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന കൈയേറ്റക്കാരുടെ പെട്ടികളെല്ലാം കഴിഞ്ഞദിവസമാണ് നീക്കിയത്.
നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശത്തെത്തുടർന്ന് ആരോഗ്യവിഭാഗം ഇൻസ്പെക്ടർ മധുസുദനൻപിള്ള, ജെ.എച്ച്.ഐ സീന എന്നിവർ നേരിട്ടെത്തി സാധനങ്ങൾ നീക്കാൻ നടപടിയെടുത്തതോടെ സംഭവമറിഞ്ഞ കച്ചവടക്കാർ സ്വയം നീക്കുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ വേറെ താഴുവാങ്ങി കെട്ടിടംപൂട്ടി. സെപ്തംബർ 24ന് 'കേരളകൗമുദി'യിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
നേരത്തെ കൈയേറ്റം സംബന്ധിച്ച് ആരോപണം ഉയർന്നപ്പോൾ സെക്രട്ടറി ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയെങ്കിലും കൈയേറ്റക്കാർ ഇത് കാര്യമാക്കിയില്ല. രാഷ്ട്രീയസമ്മർദം ചെലുത്തി നടപടി മരവിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് വിഷയം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തത്.
കൊവിഡിന്റെ പേരിൽ ഒന്നരമാസത്തോളം മാർക്കറ്റ് പൂട്ടിയിട്ടശേഷം തുറന്നപ്പോഴാണ് കൈയേറ്റം നടന്നത്. മാർക്കറ്റിൽ സാമൂഹ്യഅകലം പാലിക്കുന്നതിനായി പൊലീസ് നിർദേശപ്രകാരമെന്നായിരുന്നു കച്ചവടക്കാർ പറഞ്ഞത്. എന്നാൽ അങ്ങനെയൊരു തീരുമാനമുണ്ടായില്ല. രണ്ട് വർഷം മുമ്പാണ് 'തുമ്പൂർമുഴി മോഡൽ' മാലിന്യ നിർമ്മാർജന പദ്ധതിക്ക് നഗരസഭ 48 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയത്. മുനിസിപ്പൽ പാർക്ക്, മാർക്കറ്റ്, തോട്ടക്കാട്ടുകര, ചെമ്പകശേരി, ദേശീയപാത തുടങ്ങിയ സ്ഥലങ്ങളിൽ പദ്ധതിക്കായി സൗകര്യമൊരുക്കാൻ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനായിരുന്നു (കൈക്കോ)കരാർ. പാർക്കിൽ നിർമ്മാണം ഒരുവർഷം മുമ്പേ പൂർത്തിയായി. മാർക്കറ്റിൽ കഴിഞ്ഞ ഡിസംബറിൽ കെട്ടിടം നിർമ്മിച്ചു. ഇവിടെ ചില്ലറപ്പണികൾ കൂടി തീർക്കാനുണ്ട്. മറ്റൊരിടത്തും കെട്ടിടം പോലും നിർമ്മിച്ചില്ല.
പാളിയ പദ്ധതികൾ
മാലിന്യനിർമ്മാർജന പദ്ധതിക്കൊപ്പം മൂന്ന് ഘട്ടങ്ങളിലായി 1.10 കോടി രൂപ ചെലവിൽ മുനിസിപ്പൽ പാർക്ക് നവീകരണം, മുനിസിപ്പൽ ഗ്രൗണ്ട് നവീകരണം തുടങ്ങിയവയുടെ കരാറുകളും കൈക്കോക്കായിരുന്നു. മൂന്ന് പദ്ധതികളും പാളിയതോടെ കൈക്കോ മുൻകൂറായി കൈറ്റപ്പറ്റിയ പണം തിരിച്ചുപിടിക്കുന്നതിന് കൗൺസിൽ
നടപടിയെടുത്തിട്ടുണ്ട്.