കുറുപ്പംപടി: കുറുപ്പംപടി കുറിച്ചിലക്കോട് ലിങ്ക് റോഡിൽ സൗന്ദര്യവത്കരണ പദ്ധതിക്ക് അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഈ വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 12.85 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇതിന്റെ സാങ്കേതികാനുമതി എത്രയും വേഗത്തിൽ ലഭ്യമാക്കുന്നതിന് എം.എൽ.എ നിർദ്ദേശം നൽകി. ഒരാഴ്ച്ചക്കുള്ളിൽ ടെൻഡർ നടപടികൾ ആരംഭിക്കും.കുറുപ്പംപടിയിൽ ബ്ലോക്ക് പഞ്ചായത്ത് ജംഗ്‌ഷനിൽ നിന്നും കുറിച്ചിലക്കോട് റോഡിലേക്ക് കടക്കുന്ന ഡയറ്റ് ലാബ് എൽ.പി സ്‌കൂളിന് മുന്നിലൂടെയുള്ള ലിങ്ക് റോഡ് ഭാഗത്താണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലെ കാനകൾ മുഴുവൻ ചെളി നീക്കം ചെയ്തു ശുചീകരിക്കും. ഇടിഞ്ഞ ഭാഗങ്ങളിൽ പൊളിച്ചു മാറ്റി കാന പുനർ നിർമ്മിക്കുകയും ചെയ്യും. 6 ഇഞ്ച് കനത്തിൽ ഉയർത്തി സ്ലാബുകൾ ഇട്ട് കാന സുരക്ഷിതമാക്കും. 400 സ്ലാബുകൾ ഇതിനായി വേണ്ടി വരും. അതിന് മുകളിൽ ടൈൽ വിരിച്ചു മനോഹരമാക്കി സൗന്ദര്യവത്കരണ പദ്ധതി നടപ്പിലാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
ഇത് കൂടാതെ വിശ്രമ കേന്ദ്രവും ഇതിനൊപ്പം നിർമ്മിക്കുന്നതിന് പദ്ധതിയിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇരു വശങ്ങളിലുമായി 228 മീറ്റർ നീലത്തിലാണ് കാന നവീകരിച്ചു സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജില്ല പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗമാണ് പദ്ധതിയുടെ നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്.