
കൊച്ചി : സ്വപ്നയും കുടുംബവും സംഘടിപ്പിച്ച ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ജന്മദിനാശംസകൾ അയച്ചും സമ്മാനങ്ങൾ കൈമാറിയും സ്വപ്നയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നെന്നും എം. ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
സ്വപ്നയും ശിവശങ്കറും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് വിവിധ അന്വേഷണ ഏജൻസികൾ കോടതിയിൽ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ശിവശങ്കർ അടുപ്പത്തെക്കുറിച്ച് തുറന്നു പറയുന്നത്.
ഹർജിയിൽ പറയുന്നത്
യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നയുമായുള്ള പരിചയം ചോദ്യംചെയ്യലിൽ സമ്മതിച്ചതാണ്. സർക്കാരിലെ നിർണായക പദവിയിലായതിനാൽ ജോലിയുടെ ഭാഗമായി യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടിരുന്നു.
സ്വപ്ന യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായിരിക്കെ ഒൗദ്യോഗിക കാര്യങ്ങൾക്ക് കണ്ടിട്ടുണ്ട്. കോൺസുലേറ്റുമായി ചേർന്നു നടത്തേണ്ട നിരവധി ഒൗദ്യോഗിക കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തിട്ടുമുണ്ട്.
തുടർച്ചയായി കാണേണ്ടിവന്നതോടെ സ്വപ്നയുമായും അവരുടെ കുടുംബവുമായും സൗഹൃദത്തിലായി. അവരുടെ പൊതു ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. ജന്മദിനാശംസകൾ കൈമാറിയിട്ടുണ്ട്.
സ്വപ്ന, ഭർത്താവ്, അവരുടെ രണ്ടു കുട്ടികൾ തുടങ്ങിയവരുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുകയും താൻ സംഘടിപ്പിച്ച ചടങ്ങുകളിൽ അവർ പങ്കെടുക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്.
നയതന്ത്ര ബാഗിൽ നിന്ന് കസ്റ്റംസ് സ്വർണം പിടികൂടിയപ്പോഴാണ് സ്വപ്നയ്ക്കും കൂട്ടുകാർക്കും സ്വർണക്കടത്തുണ്ടെന്ന വിവരം അറിഞ്ഞത്. ഇൗ സംഭവത്തിനുശേഷം സ്വപ്നയുമായി ബന്ധപ്പെട്ടിട്ടില്ല.