തോപ്പുംപടി: കരുവേലിപ്പടി മഹാരാജാസ് ആശുപത്രിക്ക് വൈകാതെ പുതിയ മുഖമാകും. കിഫ്ബിയുടെ അംഗീകാരത്തോടെ ആദ്യഘട്ടത്തിൽ 54 കോടി 45 ലക്ഷം രൂപയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി പാസായിരിക്കുന്നത്. 94768 ചതുരശ്ര അടി വിസ്തീർണമുള്ള ഹൈടെക് കെട്ടിടമാണ് ഉയരാൻ പോകുന്നത്. ട്രോമോ കെയർ യൂണിറ്റ്, എക്സറേ, സി ടി സ്കാൻ, ലാബ്, ഫാർമസി, ഡയാലിസിസ് സെന്റർ , ഫിസിയോ തെറാപ്പി കേന്ദ്രം, 60 കട്ടിലുകൾ, 21 പേ വാർഡ്, 3 ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു, സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ളാന്റ്, വേയ്സ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റ്, മഴവെള്ള സംഭരണി, സോളാർ വാട്ടർ ഹീറ്റർ തുടങ്ങിയ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഉണ്ടാകും. കാത്ത് ലാബിനായി ഒരു നില കൂടി പണിയും.

1937ൽ കൊച്ചി മഹാരാജാവ് സ്ഥാപിച്ചതാണ് ഈ ആശുപത്രി. നിലവിൽ പശ്ചിമകൊച്ചിക്കാർ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയെയാണ് സമീപിക്കുന്നത്. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ പശ്ചിമകൊച്ചിക്കാർക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി പാലം കടക്കേണ്ട ഗതികേടൊഴിയും. കഴിഞ്ഞ ഫണ്ടിൽ നവീകരിച്ച ആശുപത്രി കെട്ടിടം ഒരു വർഷം തികയുന്നതിനു മുമ്പേ പലേടത്തും ചോർച്ചയിലാണ്. ടൈലുകളും പൊട്ടി തകർന്ന നിലയിലാണ്.