
കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ സൂത്രധാരൻ കെ.ടി. റമീസിന് അധോലോക നായകനും മുംബയ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയുമായ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കി. ഡി കമ്പനി എന്നറിയപ്പെടുന്ന ഇൗ ഗ്രൂപ്പിന്റെ പ്രവർത്തനം ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ സജീവമാണ്. ഇവിടെ നിന്ന് സ്വർണവും ആയുധങ്ങളും രത്നങ്ങളും ലഹരിമരുന്നും ഡി കമ്പനി കടത്തുന്നുണ്ട്. അഞ്ചാംപ്രതി കെ.ടി. റമീസ്. 13 -ാം പ്രതി കെ.ടി. ഷറഫുദ്ദീൻ എന്നിവർ ടാൻസാനിയയിലേക്ക് യാത്ര നടത്തിയതിനും ആയുധങ്ങൾ വാങ്ങാൻ ശ്രമിച്ചതിനും തെളിവുണ്ടെന്നും എൻ.ഐ.എയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
സ്വർണക്കടത്തു കേസിൽ മുഹമ്മദ് ഷാഫി ഉൾപ്പെടെ 10 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇക്കാര്യം എൻ.ഐ.എ വെളിപ്പെടുത്തിയത്. ഇന്നും വാദം തുടരും. കേസിലെ മുഖ്യ പ്രതികളായ പി.എസ്. സരിത്ത്, സ്വപ്‌ന എന്നിവരുടെ ജാമ്യാപേക്ഷയും ഇന്നു കോടതി പരിഗണിക്കുന്നുണ്ട്.
എൻ.ഐ.എയുടെ വാദം
ടാൻസാനിയയിൽ നിന്ന് യു.എ.ഇയിലേക്ക് കടത്തുന്ന സ്വർണമാണ് നയതന്ത്ര ബാഗിലൊളിപ്പിച്ചു പ്രതികൾ കേരളത്തിലേക്ക് എത്തിച്ചത്. ടാൻസാനിയയിൽ രത്നവ്യാപാരം നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് കെ.ടി. റമീസിന്റെ മൊഴിയുണ്ട്.
ദാവൂദ് സംഘത്തിലെ ദക്ഷിണേന്ത്യക്കാരനായ ഫിറോസ് ഒയാസിസ് ഇപ്പോൾ ടാൻസാനിയ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പ്രതികളും ഇയാളും തമ്മിലുള്ള ബന്ധമാണ് എൻ.ഐ.എ സംശയിക്കുന്നത്.
ടാൻസാനിയയിലെ രഹസ്യ താവളത്തിൽ തോക്കേന്തി നിൽക്കുന്ന റമീസിന്റെ ചിത്രം ലഭിച്ചിരുന്നു. സ്വർണക്കടത്തു തുടങ്ങുന്ന സമയത്ത് (2019 നവംബറിൽ) റമീസ് കേരളത്തിലേക്ക് 13 തോക്കുകൾ കടത്തിയതായും കണ്ടെത്തിയിരുന്നു. റമീസിന്റെയും ഷറഫുദ്ദീന്റെയും ടാൻസാനിയ യാത്രകൾക്ക് ഭീകരവാദ ബന്ധം സംശയിക്കുന്നുണ്ട്. കള്ളക്കടത്തിൽ പണം നിക്ഷേപിക്കുന്നവർ ഇതിൽ നിന്നുള്ള ലാഭം സ്വീകരിക്കാതെ വീണ്ടും വീണ്ടും കള്ളക്കടത്തിൽ തന്നെ നിക്ഷേപിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു ഫണ്ടു കണ്ടെത്താനാണെന്ന് സംശയിക്കണം.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതികളും സമാനമായ രീതിയാണ് സ്വീകരിച്ചത്. യു.എ.ഇയ്ക്കു പുറമേ ടാൻസാനിയ കേന്ദ്രീകരിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്.
തെളിവുകൾ
പ്രതികളിൽ നിന്ന് ശേഖരിച്ച ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള തെളിവുകൾ പൂർണമായും ലഭിച്ചിട്ടില്ല. ഇതുവരെ 22 ഉപകരണങ്ങളിൽ നിന്നുള്ള തെളിവുകളാണ് ലഭിച്ചത്. വിവാദ ഇസ്ളാമിക പ്രഭാഷകൻ സക്കീർ നായിക്കിന്റെ ചിത്രം സ്വപ്നയുടെ ഫോണിൽ നിന്ന് കണ്ടെടുത്തിരുന്നു. സ്വർണ ബിസ്കറ്റുകൾ പായ്ക്ക് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ, വ്യാജ രേഖകളുടെ ചിത്രങ്ങൾ എന്നിവയും കണ്ടെത്തി. ഇൗ ഘട്ടത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും.
പ്രതികളുടെ വാദം
അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രതികൾക്കു ഭീകരവാദ ബന്ധമുണ്ടെന്നതിനു തെളിവു കണ്ടെത്താൻ എൻ.ഐ.എയ്ക്കു കഴിഞ്ഞില്ല. ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഭീകരവാദബന്ധം ആരോപിക്കുന്നത്. ജാമ്യം അനുവദിക്കണം.