market
പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ മാലിന്യവുമായെത്തിയ ലോറി ആലുവ മാർക്കറ്റിൽ തടഞ്ഞിട്ടിരിക്കുന്നു

ആലുവ: സംസ്ഥാന സർക്കാരിന്റെ ശുചിത്വപദവി ലഭിച്ചതിന്റെ രണ്ടാംദിനം പൂട്ടിക്കിടക്കുന്ന ആലുവ മാർക്കറ്റിലേക്ക് പുറത്തുനിന്നുള്ള മാലിന്യം നിക്ഷേപിക്കാനുള്ള നഗരസഭയുടെ നീക്കം നാണക്കേടായി. കൊവിഡ് വ്യാപനത്തെ തുടർന്ന് നാല് ദിവസമായി പൂട്ടിക്കിടക്കുന്ന പച്ചക്കറി - മത്സ്യ മാർക്കറ്റിലേക്കാണ് നഗരസഭ മാലിന്യ വാഹനവുമായെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് നഗരസഭ ഒമ്പതാം വാർഡിൽ നിന്ന് ശേഖരിച്ച മാലിന്യം മാർക്കറ്റിൽ തള്ളുന്നതിനായി മിനി ലോറിയിലെത്തിച്ചത്. സംഭവമറിഞ്ഞെത്തിയ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ മാലിന്യം മാർക്കറ്റിൽ തള്ളുന്നത് തടഞ്ഞു. മാർക്കറ്റിലെ 15 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മാർക്കറ്റ് അടച്ചിട്ടിരിക്കുന്നത്. ശുചിത്വപദവിയോട് നഗരസഭയ്ക്ക് യാതൊരു ബാദ്ധ്യതയുമില്ലെന്നതിന് തെളിവാണ് നഗരസഭയുടെ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.