പറവൂർ: കൊവി​ഡ് മൂലം വീട്ടിലിരിക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും വെബിനാർ പരമ്പരകളിലൂടെ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുകയാണ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ കൗൺസലിംഗ് സെന്റർ. കരിയർ ഗൈഡൻസ്, സിവിൽ സർവീസ് പരീക്ഷാ പരിശീലനം, മെന്റൽ ഹെൽത്ത്, ആരോഗ്യ വെബിനാർ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ക്ളാസ്. പ്രതിവാര ഓൺലൈൻ പരിപാടികളുടെ ഭാഗമായി സമൂഹത്തിൽ പ്രമുഖരുമായി വിദ്യാർത്ഥികൾക്ക് ചർച്ച നടത്താനും സംവദിക്കാനുമുള്ള അവസരങ്ങളുണ്ട്. പൂർവ വിദ്യാർത്ഥികൾ, സാഹിത്യ പ്രവർത്തകർ തുടങ്ങിയവരുടെ അനുഭവങ്ങളും പങ്കുവെയ്ക്കുന്നു. ഡെപ്യൂട്ടി കളക്ടർ സന്ധ്യാദേവി സിവിൽ സർവീസ് പരിശീലനക്ളാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഹരി വിജയൻ, പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ, പ്രിൻസിപ്പൽ വി.പി. ജയശ്രീ, ഹെഡ്മാസ്റ്റർ സി.കെ. ബിജു തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപകരായ പ്രമോദ് മാല്യങ്കര, പ്രജിത്ത് എന്നിവരാണ് നേതൃത്വം നൽകുന്നത്.