കൊച്ചി: വഴിയോരക്കച്ചവടം പ്രോത്സാഹിപ്പിക്കമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കോമേഴ്‌സ് പ്രതിഷേധിച്ചു. കൊവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ചെറുകിട വ്യാപാരികളെ കാണാതെ വഴിയോരക്കച്ചവടത്തെ സഹായിക്കണമെന്ന അഭ്യർത്ഥന നിരാശാജനകമാണെന്ന് ചേബർ ഭാരവാഹികൾ പറഞ്ഞു.

സാമൂഹികാകലം പാലിക്കാതെയാണ് മിക്ക സ്ഥലങ്ങളിലും വഴിയോരക്കച്ചവടം നടത്തുന്നത്. വാടകയും ജീവനക്കാരുടെ വേതനവും ബാങ്ക് വായ്പ പലിശയും കൊടുത്തും സർക്കാർ നിഷ്‌കർഷിക്കുന്ന ലൈസൻസുകളെടുത്തും നികുതികൾ അടച്ചും വ്യാപാരം നടത്തുന്ന വ്യാപാരികളുടെ നിലനില്പ് അപകടത്തിലാണ്.

അർഹമായ ആനുകൂല്യങ്ങൾ നൽകാതെ ഇത്തരം പ്രസ്താവന നടത്തിയത് ഉചിതമായില്ലെന്ന് പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും പ്രസ്താവനയിൽ പറഞ്ഞു.