കോലഞ്ചേരി: പുത്തൻകുരിശുകാർ സംരക്ഷിക്കുന്നു, ഇന്നും തലയെടുപ്പോടെ ഇലയനക്കി ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഈ ആൽമരത്തെ. ദേശീയ പാതക്കരുകിൽ ഇന്നും തണൽ വിരിച്ച് എല്ലാറ്റിനും ദൃക്സാക്ഷിയായി നിൽക്കുന്ന ആലിനറിയാം പുത്തൻകുരിശിന്റെ ചരിത്രം. അറുപതുകളിൽ കാൽനട യാത്രികരും കാളവണ്ടികളും ചെറു പീടികകളുമുള്ള പുത്തൻകുരിശ്. അന്നും പുത്തൻകുരിശിന് സ്വന്തമെന്നു പറയാൻ ഒത്തിരിയുണ്ട്. വൈകുന്നേരമായാൽ കിഴക്കു നിന്നും കാളവണ്ടികളെത്തിത്തുടങ്ങും. കാവുംതാഴം മുതൽ പടിഞ്ഞാറോട്ട് നീണ്ട നിര. വണ്ടികളിൽ നിറയെ കാർഷിക വിളകളാണ്. തൃപ്പൂണിത്തുറ, എറണാകുളം ചന്തകളിലേക്കുള്ള ഉൽപ്പന്നങ്ങൾ നിറച്ചെത്തുന്ന വണ്ടികളിലെ കാളകൾക്ക് തീ​റ്റ കൊടുക്കാനും വണ്ടി തെളിക്കുന്നവർക്ക് ഒന്നു വിശ്രമിക്കാനുമുള്ളയിടമായിരുന്നു ഈ ആൽത്തറ.അർദ്ധ രാത്രിയാകുന്നതോടെ കാളവണ്ടികൾ യാത്ര തുടരും. പുത്തൻകുരിശിലെ റോഡുകളെല്ലാം അന്ന് മൺറോഡുകളായിരുന്നു. പൊടിപറത്തിയോടുന്ന വാഹനങ്ങളെന്നു പറയാൻ അന്ത്രയോസു ചേട്ടന്റെ രണ്ടു ലാൻഡ് മാസ്​റ്റർ ടാക്‌സികൾ മാത്രമാണുള്ളത്. പിന്നെ ചൊവ്വ,വെള്ളി ദിവസങ്ങളിലുള്ള പേരുകേട്ട കൊച്ചങ്ങാടിയാണ് സമീപ പ്രദേശത്തെ പാവപ്പെട്ടവന്റെ പ്രതീക്ഷ. കാർഷിക ഉപകരണങ്ങൾ, മുറിത്തേങ്ങ മുതൽ ഉണക്കമീൻ, ശർക്കര, ഉപ്പ് എന്നു തുടങ്ങി തുണിത്തരങ്ങൾ വരെ വാങ്ങുവാൻ ജനമെത്തുന്നതിവിടെയാണ്. വിൽക്കാൻ മലഞ്ചരക്കുകളുമായെത്തി വിവിധ സാധനങ്ങൾ ഇവിടെ നിന്നും വാങ്ങിപ്പോകാം.

ആലിനെ സംരക്ഷിച്ച് നാട്ടുകാർ

ആലിന്റെ കൃത്യമായ പ്രായം ആർക്കും പറയാൻ കഴിയുന്നില്ല. ആലിന്റെ തടിയിൽ പരസ്യപ്പലകകൾ ആണിയടിച്ച് സ്ഥാപിച്ചത് നാട്ടുകാർ തന്നെ നീക്കം ചെയ്ത് ആലിനെ സംരക്ഷിച്ചു വരികയാണ്. അടുത്ത തലമുറയ്ക്കും പുത്തൻകുരിശിന്റെ ചരിത്രത്തെ മറക്കാതിരിക്കാൻ.