കളമശേരി: ക്ലീൻ ഏലൂർ പദ്ധതിയുടെ ഭാഗമായി ഏലൂർ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നു. ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കാൻ 50 ബൂത്തുകളാണ് സ്ഥാപിക്കുന്നത്. വിദ്യാലയങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെ പരിസരത്തും ബോട്ടിൽ ബൂത്തുകൾ ഉണ്ടാകും. ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികൾ വിറ്റഴിച്ച് കിട്ടുന്ന പണം ഹരിതകർമ്മസേനയ്ക്ക് നൽകും.
ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം ചെയർപേഴ്‌സൺ സി. പി. ഉഷ നിർവഹിച്ചു. വൈസ് ചെയർമാൻ എം.എ. ജയിംസ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ ഡി. സുജിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സതീഷ്, മുനിസിപ്പൽ സെക്രട്ടറി സുഭാഷ്, കൗൺസിലർമാരായ ടിഷ വേണു, ചന്ദ്രമതി കുഞ്ഞപ്പൻ, കാർത്തികേയൻ, സിജി ബാബു തുടങ്ങിയവർ പങ്കെടുത്തു.