ഫോർട്ടുകൊച്ചി: കൊച്ചി നഗരസഭയുടെ അനുമതിയോ ഉടമയിൽ നിന്നുള്ള കൈമാറ്റമോ നടത്താതെ ചെയ്യുന്ന മരക്കടവിലെ ജൂതപ്പള്ളി നിലനിൽക്കുന്ന കെട്ടിടത്തിന്റെ നവീകരണ പ്രവർത്തങ്ങൾ നാട്ടുകാർ തടഞ്ഞു. കെട്ടിടത്തിന്റെ നാല് ഭാഗത്തും തൂണുകൾ നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം ഡിവിഷൻ കൗൺസിലർ ടി.കെ.അഷറഫിനെ വിവരം അറിയിക്കുകയായിരുന്നു. പൈതൃക സംരക്ഷണത്തിന്റെ മറവിൽ പുതിയ കെട്ടിട നിർമ്മാണമാണ് ഇവിടെ നടക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൈമാറ്റ രേഖ, പ്ളാൻ എന്നിവ ഇല്ലാതെയാണ് പുരാവസ്തു അധികാരികൾ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ നവീകരണ വിവരം ഡിവിഷൻ കൗൺസിലർ അറിഞ്ഞിട്ടില്ലെന്നാണ് ടി.കെ.അഷറഫ് പറയുന്നത്. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള കെട്ടിടം പൊതുഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. കൗൺസിലർ എത്തി ജോലി നിർത്തിവെപ്പിച്ചു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ഫയൽ കൊച്ചി നഗരസഭയിൽ എത്തിയെങ്കിലും അധികൃതർ മാറ്റിവെച്ചതായി കൗൺസിലർ പറഞ്ഞു.