
ന്യൂഡൽഹി: ഈ ദീപാവലിക്കാലത്ത് ഓൺലൈനിൽ പൊരിഞ്ഞ വ്യാപാര യുദ്ധത്തിന് അരങ്ങൊരുങ്ങി. ഇന്ത്യയിലെ ഏറ്റവും വിപുലമായ വാണിജ്യ സീസണാണ് ദീപാവലിക്കാലം.
ഫ്ളിപ്കാർട്ട്, ആമസോൺ, ജിയോ മാർട്ട് തുടങ്ങി വമ്പന്മാരും ചെറുകിടക്കാരും വമ്പൻ ഡിസ്കൗണ്ട് ഓഫറുകളുമായി സ്പെഷ്യൽ സെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആമസോണും മറ്റന്നാൾ ഫ്ളിപ്കാർട്ടും മെഗാസെയിൽ ആരംഭിക്കും.
കൊവിഡ് കാലത്തും റെക്കാഡ് വിൽപ്പനയാണ് ഓൺലൈൻ കമ്പനികളുടെ പ്രതീക്ഷ. ഇന്ത്യയിലെ നമ്പർവൺ ഓൺലൈൻ വിൽപ്പനക്കാർ അമേരിക്കൻ കമ്പനിയായ ആമസോണാണ്. രണ്ടാമത് ഫ്ളിപ്പ്കാർട്ടും.
ആറ് ദിവസം വിൽപ്പനയാണ് ഫ്ളിപ്പ് കാർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആമസോൺ വില്പന നവംബർ പകുതി വരെ തുടരും. ഇരു കമ്പനികളും ഇന്ത്യൻ വിപണിയിൽ കരുത്തുകാട്ടാൻ വൻതോതിൽ നിക്ഷേപങ്ങളും നടത്തുന്നുണ്ട്.
പ്രതീക്ഷിക്കുന്നത് 40% വർദ്ധന
ഇന്ത്യയുടെ ഇ വ്യാപാരത്തിൽ ഇക്കൊല്ലം 40% വർദ്ധിനവുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം 23% ആയിരുന്നു വളർച്ച. ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 135 ദശലക്ഷത്തിൽ നിന്ന് 160 ദശലക്ഷം ആകുമെന്നും കരുതപ്പെടുന്നു.
ലോകത്തെ നാലാമത്തെ വലിയ റീട്ടെയ്ൽ മാർക്കറ്റാണ് ഇന്ത്യയുടേത്. അതും അസംഘടിതമായ വ്യാപാരമാണ് ബഹുഭൂരിഭാഗവും. ഈ മേഖല പിടിച്ചടക്കുകയാണ് ഇ വിപണിയിലെ എല്ലാ വമ്പന്മാരുടെയും ലക്ഷ്യം. രാജ്യത്തെ 850 പട്ടണങ്ങളിലായി ആമസോൺ 20000 ലോക്കൽ ഷോപ്പുകളെയും ഫ്ളിപ്പ്കാർട്ട് 50,000 ലോക്കൽ ഷോപ്പുകളെയും ഉൾപ്പെടുത്തി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നുമുണ്ട്.
കൊവിഡ് കാലവും നല്ലകാലം
കൊവിഡ് മഹാമാരിയാൽ രാജ്യത്തെ ബിസിനസ് രംഗം തളർന്നപ്പോഴും ഓൺലൈൻ വ്യാപാരം തളിർക്കുകയായിരുന്നു. വില്പന ഇക്കുറി ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. ആമസോൺ ഒരു ലക്ഷത്തോളവും ഫ്ളിപ്കാർട്ട് 70,000 തൊഴിലവസരങ്ങളും ബിസിനസ് വളർച്ചയുടെ ഭാഗമായി സൃഷ്ടിച്ചു കഴിഞ്ഞു. വരുവർഷങ്ങളിൽ കൂടുതൽ പേർക്ക് അവസരങ്ങൾ ഉണ്ടാകും. രാജ്യമെമ്പാടും വൻകിട ഓൺലൈൻ വിപണന കമ്പനികളുടെ നൂറുകണക്കിന് പുതിയ ഗോഡൗണുകളാണ് സ്ഥാപിക്കുന്നതും. 2020ൽ ഇന്ത്യയിൽ 32 കോടി ഓൺലൈൻ ഉപഭോക്താക്കളുണ്ടാകുമെന്നാണ് പ്രതീക്ഷ.
റിലയൻസ് ജിയോമാർട്ട്
ഈ മേയിൽ, കൊവിഡ് കാലത്ത് തന്നെയാണ് റിലയൻസിന്റെ ഭാഗമായി മുകേഷ് അംബാനിയുടെ ഇ കൊമേഴ്സ് കമ്പനി ജിയോമാർട്ട് പ്രവർത്തനമാരംഭിച്ചത്. രാജ്യത്തെ 200 പട്ടണങ്ങളിൽ പലവ്യഞ്ജനങ്ങളും പഴങ്ങളും പച്ചക്കറികളും വിപണനം ചെയ്യുന്ന ജിയോമാർട്ടിന് സാമാന്യം നല്ല സ്വീകാര്യത്തതയും ലഭിച്ചു.
ഇന്ത്യയിലെ പ്രധാന ഇ കൊമേഴ്സ് കമ്പനികൾ
ആമസോൺ
ഫ്ളിപ്പ് കാർട്ട്
സ്നാപ്പ് ഡീൽ
ആലിബാബ
മിന്ത്ര
ഇന്ത്യ മാർട്ട്
ബുക്ക് മൈഷോ
നൈക്ക