revathy

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞ കാര്യങ്ങളിൽ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെട്ട താരസംഘടനാ ഭാരവാഹികൾ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് തുറന്ന കത്തുമായി നടിമാരായ പത്മപ്രിയയും രേവതിയും.
നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് അമ്മയിൽ നിന്ന് രാജിവച്ച നടി പാർവതി തെരുവോത്തിനെ അഭിനന്ദിച്ചാണ് കത്ത് തുടങ്ങുന്നത്. തങ്ങൾക്ക് നിശബ്ദരാകാൻ കഴിയില്ലെന്നും അതിനാലാണ് തുറന്ന കത്തെഴുതുന്നതെന്നും അവർ പറയുന്നു. നടിമാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് രണ്ടുവർഷം മുമ്പ് ദുരിതപൂർണമായ ഈ യാത്രയ്ക്ക് ഞങ്ങൾ തുടക്കമിട്ടത്. ഇത് പൊതുസമൂഹത്തിൽ തുറന്ന സംവാദത്തിന് വഴിതുറന്നെങ്കിലും ഫലപ്രദമായ തീരുമാനങ്ങളെടുക്കുന്നതിൽ അമ്മ നേതൃത്വം ഓരോ തവണയും പരാജയപ്പെട്ടു.
കത്തിൽ നിന്ന് : ഇടവേള ബാബുവിന്റെ അഭിമുഖം അപകടകരമായ മാതൃക സൃഷ്ടിക്കുന്നതാണ്. താരസംഘടനയിൽ പകുതിയോളം വനിതാ അംഗങ്ങളാണ്. അവരെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പകരം പരിഹസിക്കാനും ഒറ്റപ്പെടുത്താനുമാണ് നേതൃത്വം ശ്രമിക്കുന്നത്. സംഘടന പ്രതിസന്ധിയിലായിട്ടും മുഴുവൻ നേതൃത്വവും മൗനത്തിലാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം ഇതുസംബന്ധിച്ച് നടന്ന ചർച്ചകൾ പ്രതീക്ഷ നൽകുന്നതായിരുന്നു. താരസംഘടനാ നേതൃത്വം അവരുടെ നിലപാട് പങ്കുവയ്‌ക്കേണ്ട സമയമാണിത്. ഞങ്ങളെ ചോദ്യംചെയ്യുകയല്ല വേണ്ടത്. ഇടവേള ബാബു മാദ്ധ്യമങ്ങളിൽ പറഞ്ഞതും അതിനോട് വൈസ് പ്രസിഡന്റ് ഗണേഷ് കുമാർ പ്രതികരിച്ചതും സംബന്ധിച്ച് നേതൃത്വത്തിന്റെ നിലപാട് എന്താണ്. അവർക്കെതിരെ എന്തു നടപടിയാണ് എടുക്കുക. ജോലിസ്ഥലത്ത് ലൈംഗികാതിക്രമം തടയാനുള്ള നിയമം ഇവിടെ നടപ്പാക്കിയിട്ടുണ്ടോ.