കൊച്ചി: കൊച്ചിയിൽ പൂർത്തിയാകാനിരിക്കുന്ന വിവിധ പദ്ധതികളുടെ വികസനത്തോടെ ഇന്ത്യയിലാദ്യമായി എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായി കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർമ്മാണം പൂർത്തിയായ ചമ്പക്കര നാലുവരി പാതയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇതിൽ കൊച്ചി മെട്രോ നിർവഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൊച്ചി മെട്രോ കേവലം ഗതാഗത ഉപാധി മാത്രമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ ജീവിതരേഖ കൂടിയാണ്. വൃത്തിയുള്ള കോച്ചുകളുമായി എത്തിയ കൊച്ചി മെട്രോ സർവീസ് മലയാളി ജീവിതത്തിന്റെ അടയാളമായി മാറി. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി ഇവയുമായെല്ലാം ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടംകൂടി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ മുഖച്ഛായതന്നെ മാറും. വാട്ടർ മെട്രോയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അടുത്ത വർഷമാദ്യത്തോടെ യാത്ര ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.