
കൊച്ചി: സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടടേറ്റിന്റെ ( ഇ.ഡി) വിരട്ടലിന് മറുപടിയായി, അറസ്‌റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവുമായാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇന്നലെ രാവിലെ 11.15ഓടെ ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായത്.
മൂന്നു തവണയായി 30 മണിക്കൂർ ചോദ്യം ചെയ്‌ത ശേഷം , പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർകാർഡിന്റെ കോപ്പിയും നേരിട്ടോ,അല്ലാതെയോ ഹാജരാക്കാൻ ശിവശങ്കറിനോട് കഴിഞ്ഞദിവസം ഇ.ഡി. നിർദേശിച്ചിരുന്നു. ശിവശങ്കർ ദൂതൻ വശമാണ് അവ ഹാജരാക്കിയത്. തൊട്ടുപിന്നാലെ, അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇന്നലെ നേരിട്ട് ഹാജരാകണമെന്നും വിശദീകരിച്ച് നോട്ടീസ് നൽകി. അതോടെയാണ് ,അറസ്‌റ്റ് ഭയന്ന് ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
ഇന്നലെ ഉച്ചയോടെ കേസ് പരിഗണിക്കാനാണ് ഹൈക്കോടതി ലിസ്‌റ്റ് ചെയ്‌തിരുന്നത്. എന്നാൽ ചോദ്യംചെയ്യാൻ വിളിച്ചിട്ടുണ്ടെ കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി ഹർജി ആദ്യമേ പരിഗണിപ്പിച്ചു. അറസ്‌റ്റ് തടയണമെന്ന ആവശ്യവും കോടതി അംഗീകരിച്ചതോടെ, കൊച്ചിയിലുണ്ടായിരുന്ന ശിവശങ്കർ നിമിഷങ്ങൾക്കകം ഇ.ഡി ഓഫീസിലെത്തി 6 മണിക്കൂർ ചോദ്യം ചെയ്‌ത ശേഷം ഇ.ഡി വിട്ടയച്ചു.
2019 നവംബർ മുതലാണ് പ്രതികൾ സ്വർണക്കടത്ത് നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അതിനും മാസങ്ങൾക്ക് മുമ്പ് ചാർട്ടേഡ് അക്കൗണ്ടിനയച്ച വാട്സ് ആപ്പ് സന്ദേശങ്ങൾ തീയതി കൃത്യമായി വെളിപ്പെടുത്താതെ അനാവശ്യമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയെന്നാണ് ശിവശങ്കറിന്റെ ആരോപണം. ഇത് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെറ്റിദ്ധാരണ പരത്തുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
ഇ.ഡി കേസിൽ ശിവശങ്കറിന്റെ
അറസ്‌റ്റ് 23 വരെ തടഞ്ഞു
കൊച്ചി : നയതന്ത്രചാനൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ 23 വരെ അറസ്‌റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ഇ.ഡി രജിസ്റ്റർചെയ്ത കേസിൽ പ്രതിയാക്കിയിട്ടില്ലെങ്കിലും അറസ്‌റ്റ് ചെയ്യാനിടയുണ്ടെന്ന് വ്യക്തമാക്കി ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഇന്നലെ രാവിലെ ഹർജി പരിഗണിച്ചപ്പോൾ എതിർ സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് ഇ.ഡിക്കുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. തുടർന്ന് നവംബർ രണ്ടുവരെ അറസ്‌റ്റ് തടഞ്ഞ് ഹർജി മാറ്റാമെന്ന് കോടതി വാക്കാൽ പറഞ്ഞു. അത്രയും വൈകേണ്ടെന്ന് ഇ.ഡി വ്യക്തമാക്കിയതിനെത്തുടർന്നാണ് 23വരെ അറസ്‌റ്റ് തടഞ്ഞത്. 23ന് ഹർജി വീണ്ടും പരിഗണിക്കും.
ഇന്നലെ ഹാജരാകാൻ ശിവശങ്കറിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവശങ്കറിന്റെ അഭിഭാഷകൻ രാവിലെ തന്നെ കേസ് എടുപ്പിക്കുകയായിരുന്നു. വാദത്തിനിടെ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യില്ലെന്ന് രേഖപ്പെടുത്താനാവുമോ എന്ന് കോടതി ആരാഞ്ഞപ്പോൾ ഇ.ഡിയുടെ അഭിഭാഷകൻ എതിർത്തു. തുടർന്നാണ് അറസ്‌റ്റ് തടഞ്ഞ് ഉത്തരവു നൽകിയത്.