 
കൂത്താട്ടുകുളം: ടൗണിൽ ഇന്ത്യൻ ഓയിൽ പമ്പിനെതിർവശത്ത് എം.സി റോഡരുകിലുള്ള തട്ടുകടയിൽ സ്ഫോടനം നടന്ന് തകർന്ന കട ഫോറൻസിക് സംഘം പരിശോധന നടത്തി. ഫോറൻസിക് ഓഫീസർ അനു ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ മൂന്നു മണിക്കാണ് അപകടം നടന്നത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കട ഉടമ കോതമംഗലം എമല്ലൂർ ഇടപ്പുരയിടത്ത് മനോജ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.40 ശതമാനത്തിലേറെ പൊള്ളൽ ഏറ്റതായാണ് വിവരം. രാത്രി വൈകിയും പ്രവർത്തിക്കുന്ന തട്ടുകയാണിത്.ഗ്യാസ് കുറ്റി ലീക്ക് ചെയ്ത് പൊട്ടിത്തെറിച്ചതാകാം എന്ന് സമീപവാസികൾ പറയുന്നു.എന്നാൽ സംഭവസ്ഥലത്തുള്ള ഗ്യാസ് കുറ്റികൾ ഒന്നും പൊട്ടിയതായി കണ്ടെത്തിയിട്ടില്ല.
ഇതാണ് കൂടുതൽ പരിശോധനകൾ നടത്താൻ കാരണമായത്.കടമുറികളുടെ ഷട്ടർ തെറിച്ച് കടക്കു മുമ്പിൽ പാർക്കു ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചാണ് നിന്നത്. ഭിത്തിയും, ഫർണീച്ചറുകളും തകർന്നിട്ടുണ്ട്.പോലീസ് അന്വേഷണം തുടരുകയാണ്.