പെരുമ്പാവൂർ: കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ കിസാൻ സംഘർഷ് കോഓർഡിനേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ദേശവ്യാപകമായി നടന്ന താങ്ങുവില അവകാശ ദിനാചരണത്തോടനുബന്ധിച്ച് പെരുമ്പാവൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക ധർണ നടന്നു. കാർഷിക ഉൽപന്നങ്ങൾക്ക് കേന്ദ്രസർക്കാർ ന്യായമായ താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദേശീയ പ്രക്ഷോഭം. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. റെജിമോൻ ധർണ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ ഖജാൻജി പി.കെ. സിദ്ദിഖ് വടക്കൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.കെ. സന്തോഷ്, അഷറഫ് അച്ചു, പി.കെ. ശശികുമാർ, പി.എസ്. അജികുമാർ, റീജ വിജയൻ, കെ.ആർ. ജയപ്രകാശ്, എന്നിവർ സംസാരിച്ചു.
കുറുപ്പംപടി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന കർഷകസമരം പി.യു. ജോർജ് ഉദ്ഘാടനം ചെയ്തു. കെ.എ. മൈതീൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സജിപോൾ, ടി.ഒ. ബേബി എന്നിവർ സംസാരിച്ചു.മാറമ്പിള്ളി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന കർഷകസമരം കെ.എസ്. അബ്ദുൾസലാം ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം സെക്രട്ടറി പി.എൻ. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.