ആലുവ: കൊവിഡ് കാലത്ത് റൂറൽ ജില്ലാ പൊലീസിന്റെ സേവനം ക്രമസമാധന ചുമതലയിൽ മാത്രം ഒതുങ്ങുന്നില്ല. നിർദ്ദന രോഗികൾക്ക് മരുന്ന് നൽകിയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായം നൽകിയും മാതൃകയാകുകയാണ്.ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ റൂറൽ ജില്ലയിലെ ജനമൈത്രി പൊലീസിന് ലഭിച്ച പരാതികളിൽ ഏറെയും കുട്ടികളുടെതായിരുന്നു. പലരുടെയും വീടുകളിൽ ടിവിഷൻ ഇല്ല. ഉള്ളതിൽ നല്ലൊരു ഭാഗവും പ്രവർത്തന രഹിതവും. അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ പൊലീസ് 11 ടിവികളാണ് കുട്ടികളുടെ വീടുകളിലെത്തിച്ചത്. ചിലതൊക്കെ അറ്റകുറ്റപ്പണി ചെയ്തും നൽകി. മൊബൈൽ ഫോൺ ഇല്ലാത്ത അഞ്ച് കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകി. 10 പേർക്ക് മറ്റ് പഠന സഹായങ്ങളുമൊരുക്കി. നൂറോളം പേർക്ക് മരുന്ന് നൽകിയും രക്ത ദാനത്തിനു മുന്നിട്ടിറങ്ങി. കൊവിഡ് കാലത്ത് വീടുകളിലെത്തി അവസ്ഥ മനസിലാക്കി ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഇരുപത്തിനാല് മണിക്കൂറും സന്നദ്ധരായി ജനമൈത്രി പൊലീസ് കൂടെയുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് പറഞ്ഞു.കൊവിഡ് പോസിറ്റീവായരുടെ പ്രാഥമിക, ദ്വിതീയ സമ്പർക്കങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. കണ്ടയ്‌മെന്റ് സോണുകളിലും മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. ആഴ്ചയിലൊരിക്കൽ മുതിർന്ന പൗരന്മാരുടെ വീടുകൾ സന്ദർശിച്ച് അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യുന്നു. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വീടുകളിലെത്തി സാന്ത്വനമായി മാറുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച് അവർക്കാവശ്വമായ ബോധവത്കരണവും നിർദ്ദേശങ്ങളും നൽകുന്നുണ്ട്.