പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിലെ പുല്ലുവഴിക്കും തായ്ക്കരക്കും ഇടയിലുള്ള ഡബിൾ പാലം ഒറ്റ പാലമായി നിർമ്മിക്കുന്നതിന്റെ മുന്നോടിയായി സമഗ്രമായ സാങ്കേതിക പരിശോധന നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പൊതുമരാമത്തു വകുപ്പ് ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകി. കെ.എസ്.ടി.പി, എം സി റോഡ് നിർമ്മിച്ചപ്പോൾ വലിയതോടിന് കുറുകെ നിർമ്മിച്ച പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിൽ 1.40 മീറ്റർ വിടവും രണ്ട് പാലങ്ങളും തമ്മിൽ 3 അടി ഉയരവ്യത്യാസം ഉണ്ടെന്നും മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പാലത്തോട് ചേർന്നുള്ള റോഡിന്റെ കൊടുംവളവ് വൻ ഭീഷണിയാണെന്നും അറിയിച്ച് പൊതുമരാമത്ത് അധികൃതർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ തീരുമാനം. ഇരു പാലങ്ങളും തമ്മിൽ ഉയര വ്യത്യാസമുള്ളതിനാൽ ഇവ ഒറ്റപ്പാലം ആക്കണമെങ്കിൽ പഴയപാലം പൊളിച്ചുപണിയേണ്ടി വരുമെന്നും അതിന് 80 ലക്ഷം രൂപ ചെലവുവരുമെന്നും പൊതുമരാമത്തുവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. പരിസ്ഥിതി സംരക്ഷണ കർമ്മസമിതി ചെയർമാൻ വർഗീസ് പുല്ലുവഴി ഡബിൾ പാലം ഭാഗത്ത് തുടർച്ചയായി നടക്കുന്ന വാഹനാപകടങ്ങളും അശാസ്ത്രീയമായ പാലം നിർമ്മാണവും ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് സോളാർ ബ്ലിങ്കേഴ്‌സ്, റിഫ്‌ളക്ടീവ് ടൈൽസ്, ഹസാർഡ് മാർക്കർ, കോഷനറി സൈൻസ് , റോഡ്വേ ഇൻഡിക്കേറ്റഴ്‌സ്, റോഡ് മാർക്കിംഗ് എന്നീ സുരക്ഷാ പ്രവൃത്തികൾ അടിയന്തരമായി സ്ഥാപിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇവിടെ 166 വാഹനാപകടങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ 27 ജീവനുകൾ പൊലിഞ്ഞിരുന്നു.140 അപകടങ്ങളിൽ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.