ksrtc-ac-bus

തോപ്പുംപടി: മൂന്നാറിന്റെ ഭംഗി ആസ്വദിക്കാൻ പോകുന്നവർക്ക് ഹോട്ടൽ മുറികളിൽ അന്തിയുറങ്ങി കൊവിഡി​നെ ഭയക്കേണ്ടതില്ല. കെ.എസ്.ആർ.ടി​.സി​യുടെ എ.സി​. വോൾവോ ബസ് കി​ടക്കയുമായി​ നി​ങ്ങളെ കാത്ത് മൂന്നാർ ഡി​പ്പോയി​ലുണ്ടാകും. മുൻകൂട്ടി​ ബുക്ക് ചെയ്യണമെന്നുമാത്രം.

സംസ്ഥാനത്ത് ആദ്യമായി സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി ബസിൽ താമസ സൗകര്യമൊരുക്കുകയാണ് മൂന്നാറി​ൽ.
16 പേർക്ക് ഉറങ്ങാം. ഡിപ്പോയിലെ ടോയ്ലറ്റുകൾ ഉപയോഗിക്കാം.

ആദ്യഘട്ടമായി​ രണ്ട് ബസുകളാണ് ഇതി​നായി​ ഉപയോഗി​ക്കുക. 24 മണിക്കൂറി​ന് 1600 രൂപയാണ് നിരക്ക്. ഗ്രൂപ്പുകൾക്കും ഫാമിലി​ക്കുമാണ് മുൻഗണന. തനിച്ച് എത്തുന്നവർക്കും സൗകര്യം ലഭി​ക്കും. ദിവസവും ബസി​ൽ കൊവി​ഡി​ പ്രതി​രോധ അണുനശീകരണം നടത്തും. മൂന്നാറിൽ കൂടുതൽ സഞ്ചാരികൾ എത്തുകയാണെങ്കി​ൽ ഒക്ടോബറി​ൽ തന്നെ ബസി​ൽ സഞ്ചാരി​കൾക്ക് രാപ്പാർക്കാം.

സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് വിശ്രമിക്കാൻ സ്റ്റാഫ് ബസ് ഇറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ ഈ ആശയം മുന്നോട്ട് വെച്ചത്.

വി​ജയപ്രതീക്ഷ

കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ലഭിക്കുന്ന പദ്ധതി മറ്റ് വിനോദ സഞ്ചാര മേഖലകളിലേക്കും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ തുറന്ന സാഹചര്യത്തിൽ മൂന്നാറി​ൽ പദ്ധതി​ വി​ജയകരമാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി.

സേവി ജോർജ്

ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജ്, മൂന്നാർ