payasam-vilpana

കൊച്ചി: കൊവിഡ് കാലത്ത് പ്രത്യക്ഷപ്പെട്ട തെരുവോര ഭക്ഷണശാലകൾ നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിൽ വൈവിധ്യങ്ങളുടെ പരീക്ഷണ ശാലകളാകുന്നു.നിലവിലുണ്ടായിരുന്ന തൊഴിലും ജീവനോപാധികളും നഷ്ടപ്പെട്ട പ്രൊഫഷണലുകളും സ്വയംതൊഴിൽ സംരംഭകരുമൊക്കെയാണ് അപ്രതീക്ഷിതമായുണ്ടായ പതനത്തിൽ നിന്ന് കരകയറാൻ പാതയോരത്ത് ഭക്ഷണവിതരണത്തിനിറങ്ങിയത്.

ബിരിയാണിയും വീട്ടിലെ ഊണും മുതൽ ഉപ്പേരിയും പലഹാരങ്ങളുമൊക്കെയായി ആദ്യമെത്തിയവർ കഷ്ടിച്ച് പച്ചപിടിച്ചുവരുന്നതിനിടെ കൂടുതൽ ആളുകൾ എത്തിയതോടെ കളത്തിൽ മത്സരമായി. വിലകുറച്ചും അളവുകൂട്ടിയും മത്സരിച്ചപ്പോൾ കീശകാലിയായി പലരും കളംവിട്ടു. പക്ഷേ കുടുംബം പുലർത്താൻ മറ്റുമാർഗങ്ങളില്ലാത്തവർക്ക് തോറ്റോടാനാവില്ല.

മൊബൈൽ ബിരിയാണിയിൽ തകർച്ച

വടുതല തെക്കേവീട്ടിൽ സിബിൻ (32) എറണാകുളം- കളമശേരി കണ്ടെയ്നർ ഹൈവേയിൽ പാലടപ്രഥമൻ വില്പനക്കാരനായത്. സ്വന്തംവാഹനത്തിൽ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുന്ന കരാർ ജോലിക്കാരനായിരുന്നു.

കൊവിഡ് ലോക്ക് ഡൗണിനെത്തുടർന്ന് സ്കൂളുകൾ അടച്ചതോടെ തൊഴിൽ നഷ്ടമായി. ഒരുമാസത്തോളം വീട്ടിൽ വെറുതെയിരുന്നു. ജീവിതം കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് കണ്ടപ്പോൾ ബന്ധുവായ നിഖിലിനെയും കൂട്ടി വാഹനത്തിൽ കോഴിബിരിയാണി കച്ചവടം ആരംഭിച്ചു. തുടക്കം മോശമായിരുന്നെങ്കിലും താവളം മാറ്റിപ്പിടിച്ച് വിജയം കരസ്ഥമാക്കി. അങ്ങനെ കൊവിഡ് കാലത്ത് ഹൈക്കോടതി ജംഗ്ഷനിലെ ആദ്യത്തെ മൊബൈൽ ബിരിയാണിപ്പൊതി വില്പനക്കരാനായി സിബിൻ പ്രത്യക്ഷപ്പെട്ടു.വീട്ടിൽ തയ്യാറാക്കുന്ന നല്ല നാടൻ ബിരിയാണിക്ക് 90 രൂപയായിരുന്നുവില.

കച്ചവടം ഒരുവിധം പച്ചപിടിച്ച് തുടങ്ങിയപ്പോൾ കൂടുതൽ വ്യാപാരികൾ രംഗത്തുവന്നു. കേറ്ററിംഗ് തൊഴിലാളികളും, കലാകാരന്മാരുമൊക്കെ ബിരിയാണിചെമ്പിൽ അഭയംതേടിയതോടെ മത്സരം മുറുകി. ബിരിയാണിക്ക് വില 70 ലേക്കും പിന്നെ 50 ലേക്കും കൂപ്പുകുത്തി. അതോടെ കച്ചവടം പൂട്ടി. പിന്നീടാണ് പാലടപ്രഥമനിൽ എത്തിച്ചത്.

ഒടുവിൽ പാലടപ്രഥമൻ വില്പന

തിരക്കൊഴിഞ്ഞ കണ്ടെയ്നർ റോഡിലെ ഇടത്താവളം കേന്ദ്രീകരിച്ച് കച്ചവടം തുടങ്ങി. ദിവസം 8 ലിറ്റർ പായസമുണ്ടാക്കും. രാവിലെ വീട്ടിൽ തയ്യാറാക്കുന്ന പായസവുമായി 11 മണിയോടെ കളത്തിലിറങ്ങും. സഹായത്തിന് ബന്ധുവായ നിഖിലുമുണ്ട്. പായസം മുഴുവനും വിറ്റുതീരുന്നതാണ് കണക്ക്. മുഴുവൻ പായസവും വിറ്റാലും രണ്ടുവീട്ടിലെ അടുപ്പുപുകയുമെന്നതൊഴിച്ചാൽ മൂന്നുപേരുടെ അദ്ധ്വാനത്തിനുള്ള പ്രതിഫലം കിട്ടുന്നില്ല. എങ്കിലും വാങ്ങുന്നവർക്ക് രുചിയും മധുരവുമുള്ള നല്ലപായസം കൊടുക്കണമെന്ന് നിർബന്ധമുണ്ട്.ഒരുകപ്പ് പായസത്തിന് 25 രൂപയാണ് വില.