
കൊച്ചി: ഇ.എസ്.ഐ കോർപ്പറേഷന് കീഴിലുള്ള മെഡിക്കൽ -ഡെന്റൽ കോളേജുകളിലെ പ്രവേശനത്തിനായി ഇ.എസ്.ഐയിൽ അംഗങ്ങളായവരുടെ മക്കൾക്കുള്ള ഇൻഷ്വേർഡ് പേഴ്സൺസ് (ഐ.പി) ക്വാട്ട എടുത്തുകളഞ്ഞ നടപടി ഹൈക്കോടതി സ്റ്റേചെയ്തു. ഇൗ അദ്ധ്യയനവർഷം മുതൽ ഈ സീറ്റുകൾ അഖിലേന്ത്യ ക്വാട്ടയിലേക്ക് മാറ്റിക്കൊണ്ട് സെപ്തംബർ 28 ന് ഇ.എസ്.ഐ കോർപ്പറേഷൻ ഡയറക്ടർ ജനറൽ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ കൊല്ലം സ്വദേശി അക്ഷയ് കൃഷ്‌ണനുൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
കോർപ്പറേഷനു കീഴിലുള്ള വിവിധ മെഡിക്കൽ കോളേജുകളിലായി 326 എം.ബി.ബി.എസ് സീറ്റുകളും 20 ബി.ഡി.എസ് സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി വിധിയെത്തുടർന്നാണ് ക്വാട്ട മാറ്റിയതെന്ന് ഡയറക്ടർ ജനറലിന്റെ ഉത്തരവിൽ പറയുന്നുണ്ട്. ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്തതാണെന്ന് ഹർജിക്കാർ ആരോപിച്ചു.