ആലുവ: കൊച്ചി - സേലം പൈപ്പ് ലൈൻ പദ്ധതിക്കായി നഗരസഭ ഭൂമി വിട്ടുനൽകുന്നതിന് നിശ്ചയിച്ചിരുന്ന തുക കൗൺസിൽ യോഗം പാതിയായി കുറച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന 85 ലക്ഷത്തിൽ നിന്നും 48 ലക്ഷമായിട്ടാണ് കുറച്ചത്. ഭൂമി വിലയുടെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നഗരസഭ ആവശ്യപ്പെട്ടത്. എന്നാൽ ഇത് സംബന്ധിച്ച് കെ.എസ്.പി.പി.എല്ലിന്റെ ആവശ്യപ്രകാരം വില്ലേജ് ഓഫീസിൽ നിന്നും ഭൂമിവില സംബന്ധിച്ച രേഖകൾ ലഭിച്ചതിനെത്തുടർന്നാണ് നഷ്ടപരിഹാരതുക പുതുക്കിനിശ്ചയിച്ചത്.
നഗരസഭയുടെ ഉടമസ്ഥതയിൽ കീഴ്മാട് പഞ്ചായത്തിലെ നാലാംമൈലിലുള്ള ഭൂമിയിൽ 73 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലുമാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ഏറ്റെടുക്കുന്നത്. ഭൂമിക്ക് 45 ലക്ഷം രൂപയും മതിൽ കെട്ടുന്നതിന് 2.88 ലക്ഷം രൂപയും മരങ്ങൾ മുറിച്ചതിന് 39,832 രൂപയുമാണ് നഷ്ടപരിഹാരമായി പുതുക്കി നിശ്ചയിച്ചത്.
ആറ് മാസം മുമ്പ് നഗരസഭ അധികൃതർ അറിയാതെയാണ് പൈപ്പ് ഇടുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. നാട്ടുകാരിൽ നിന്നും സംഭവമറിഞ്ഞ നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാമും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിളും ഇടപെട്ട് നിർമ്മാണം തടയുകയായിരുന്നു. ഇതിനിടയിൽ മതിൽ പൊളിക്കുകയും നാല് മരങ്ങൾ മുറിച്ച് നീക്കുകയും ചെയ്തിരുന്നു.