
കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിലൂടെ പ്രതികൾ നേടിയ തുക ഭീകരപ്രവർത്തനത്തിന് വിനിയോഗിച്ചതിനുള്ള തെളിവുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് ഇതുവരെ കണ്ടെത്താനായില്ലെന്ന് എറണാകുളം എൻ.ഐ.എ കോടതി വ്യക്തമാക്കി. ആകെ 30 പ്രതികളുള്ള കേസിലെ പത്തുപ്രതികൾക്ക് ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് കോടതിയുടെ വിമർശനം. സ്വർണക്കടത്തു കേസിൽ യു.എ.പി.എ പ്രകാരമുള്ള കുറ്റംചുമത്തി അന്വേഷണം നടത്തുന്ന എൻ.ഐ.എയ്ക്ക് കോടതിയുടെ വിമർശനം കനത്ത തിരിച്ചടിയാണ്. നയതന്ത്രചാനൽ വഴി സ്വർണം കടത്താൻ മുഖ്യപ്രതികൾക്ക് ഹർജിക്കാരിൽ ചില പ്രതികൾ പണം നൽകിയെന്നും ഇവർ മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയെന്നുമാണ് കേസ് ഡയറിയിൽ വ്യക്തമാകുന്നതെന്ന് കോടതി വിലയിരുത്തി. ഇതിനപ്പുറം ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാൻ മതിയായ തെളിവുകൾ ഇതുവരെ കേസ് ഡയറിയിലില്ലെന്നും ജഡ്ജി പി. കൃഷ്‌ണകുമാറിന്റെ വിധിന്യായത്തിൽ പറയുന്നു.
കോടതി പറഞ്ഞത്
# രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ തകർക്കാൻ പ്രതികൾ ശ്രമിച്ചെന്ന് എൻ.ഐ.എ ആവർത്തിച്ചു കോടതിയിൽ വ്യക്തമാക്കിയിട്ടും പ്രഥമദൃഷ്ട്യാ ശരിവെക്കാൻ കഴിയുന്ന തെളിവുകൾ കേസ് ഡയറിയിലില്ല.
# ഹർജിക്കാരായ പ്രതികൾ ഇന്ത്യയിലേക്ക് സ്വർണം കടത്താൻ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയതിന് തെളിവുണ്ട്. എന്നാൽ ഏതെങ്കിലും ഭീകരവാദ - ദേശവിരുദ്ധ ശക്തികളിൽനിന്ന് പണം ഇവർക്ക് ലഭിച്ചതിനോ സ്വർണമോ പണമോ ഇവർ ഏതെങ്കിലും അധോലോക - ഭീകരവാദ സംഘങ്ങൾക്ക് നൽകിയതിനോ തെളിവില്ല.
# യു.എ.പി.എ സെക്ഷൻ 15 പ്രകാരമുള്ള കുറ്റം ചുമത്തണമെങ്കിൽ കുറഞ്ഞത് രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെ തകർക്കാൻ കഴിയുന്ന തരത്തിലുള്ള വിദൂരമായ നടപടികളെങ്കിലും പ്രതികളുടെ ഭാഗത്തുണ്ടെന്ന് വ്യക്തമാകണം.
ജാമ്യം ലഭിച്ച പ്രതികൾ:
എട്ടാം പ്രതി സെയ്തലവി
ഒമ്പതാം പ്രതി പി.ടി. അബ്ദു
11 -ാം പ്രതി മുഹമ്മദ് ഇബ്രാഹിം
14 -ാം പ്രതി മുഹമ്മദ് ഷെഫീഖ്
16 -ാം പ്രതി മുഹമ്മദ് അൻവർ
19 -ാം പ്രതി കെ. ഹംജദ് അലി
21 -ാം പ്രതി ജിഫ്സൽ
22 -ാം പ്രതി അബൂബക്കർ
23 -ാം പ്രതി മുഹമ്മദ് അബ്ദുൾ ഷമീം
24 -ാം പ്രതി അബ്ദുൾ ഹമീദ്.
ജാമ്യവ്യവസ്ഥകൾ പേജ് :...