കൊച്ചി: സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ വനിതകളുടെ പ്രാതിനിദ്ധ്യവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തിവരുന്ന വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടിയുടെ രണ്ടാംലക്കം 31ന് വെർച്വലായി നടക്കും.
ഇതിന് മുന്നോടിയായുള്ള ഹാക്കത്തൺ, പിച്ചിംഗ് മുതലായ വിവിധ സെഷനുകൾ 26 മുതൽ 31വരെ വരെ സംഘടിപ്പിക്കും.
സ്റ്റാർട്ടപ്പ് ഇന്ത്യ, ടൈകേരള, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി.ഐ.ഐ) വനിതാവിഭാഗമായ ഇന്ത്യൻ വുമൺ നെറ്റ് വർക്ക് എന്നിവ ഉച്ചകോടിയിൽ പങ്കാളികളാകും. സ്ത്രീകളും സാങ്കേതികവിദ്യയും (വിമൺ ആൻഡ് ടെക്‌നോളജി) എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. പങ്കെടുക്കുന്നവർ https://startupmission.in/womensummit ൽ 25ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
കേരളത്തിലെ അതിവിപുലവും അത്യാധുനികവുമായ സ്റ്റാർട്ടപ്പ് സംരംഭകാന്തരീക്ഷത്തിൽ വനിതാ പ്രൊഫഷണലുകളെയും അവരുടെ സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി ഷീ ലവ്‌സ് ഇന്ത്യ ടെക്, വൈഹാക്ക്-ഹാക്കത്തൺ, വിസ്റ്റാർട്ട് ബൂട്ട് ക്യാമ്പ്, ഇ.ഡി.പി, ഇൻവസ്റ്റർ കഫേ തുടങ്ങിയ പരിപാടികൾ നടക്കും. സ്ത്രീകളുടെ ജീവിതത്തെ സാർത്ഥകമായി സ്വാധീനിച്ച സംരംഭങ്ങളെയും ഉത്പന്നങ്ങളെയും ഷീ ലവ്‌സ് ടെക് ഇന്ത്യ 2020 യിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ദേശീയ ഗ്രാന്റ് ചലഞ്ച് ഈ ഉച്ചകോടിയോട് അനുബന്ധമായി നടക്കും.
ഷീ ലവ്‌സ് ടെക് ഇന്ത്യ 2020 വിജയി, മികച്ച ഇൻക്ലുസീവ് ഇൻകുബേറ്റർ, മികച്ച ഇൻക്ലുസീവ് സ്റ്റാർട്ടപ്പ്, മികച്ച ഇൻക്ലൂസീവ് ഐ.ഇ.ഡി.സി എന്നീ പുരസ്‌കാരങ്ങളും ഉച്ചകോടിയോടനുബന്ധിച്ച് നൽകും. കൊവിഡ് കാലത്ത് പല പ്രൊഫഷണലുകളും ഫ്രീലാൻസ് ജോലികളും കരാർ ജോലികളും വിജയകരമായി ചെയ്തുവരുന്നുണ്ട്. സ്വകാര്യജീവിതവും പഠനവും മറ്റുംബാധിക്കാത്ത രീതിയിൽ ജോലിചെയ്യാവുന്ന ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ഇത്തരം വിഷയങ്ങളും പരാമർശിക്കും.