ks-presad
കെ.എസ്. പ്രസാദ്

കൊച്ചി: സിനിമാ അവാർഡ് വിഭാഗത്തിൽ ഹാസ്യതാരത്തെയും പരിഗണിക്കണമെന്ന് കേരള മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ (എം.എ.എ.) സെക്രട്ടറി കെ.എസ് പ്രസാദ് ആവശ്യപ്പെട്ടു.

ഭാവാഭിനയത്തിലും നവരസത്തിലും ഹാസ്യത്തിന് സ്ഥാനമുണ്ട്. തമാശയുടെ മേമ്പൊടിയെങ്കിലുമില്ലാത്ത സിനിമയും നാടകവുമൊക്കെ മലയാളിയുടെ കലാസ്വാദന സങ്കല്പങ്ങൾക്ക് അപ്പുറത്താണ്. സംഗീത നാടക അക്കാഡമിയും സിനിമ അവാർഡ് ജൂറിയും ഹാസ്യത്തെ അവഗണിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് സംഗീതനാടക അക്കാഡമി മിമിക്രിയെന്ന കലാരൂപത്തെ പുറംതള്ളിയത്. ഈ സർക്കാർ സിനിമ അവാ‌ർഡിൽ നിന്നും ഹാസ്യതാരത്തെ ഒഴിവാക്കി. മികച്ച നടനും സ്വഭാവനടനും അവാർഡ് നൽകുമ്പോൾ ഹാസ്യനടനും അംഗീകാരം ലഭിക്കാൻ അർഹതയുണ്ട്.

മിമിക്രിയിലൂടെ മലയാള സിനിമയിലെത്തിയ സുരാജ് വെഞ്ഞാറംമൂടിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചതിൽ ഏറെ അഭിമാനമുണ്ട്. സുരാജ് വെഞ്ഞാറംമൂട്, സലിംകുമാർ, സുരഭി, ജയസൂര്യ എന്നിവരൊക്കെ മിമിക്രിയുടേയും ഹാസ്യത്തിന്റെയും പശ്ചാത്തലത്തിലൂടെ അഭിനയരംഗത്ത് പ്രശസ്തരാവുകയും പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. അവഗണനയിൽ നിന്ന് പരിഗണനയുടെ തലത്തിലേക്ക് ഹാസ്യത്തെ പുന:പ്രതിഷ്ഠിക്കണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു. കൊച്ചിൻ കലാഭവൻ സെക്രട്ടറി കൂടിയാണ് കെ.എസ്. പ്രസാദ്.