
യൂ ട്യൂബ് വസന്തത്തിന്റെ കാലമാണിത്. ലോക്ക് ഡൗണിലെ വീട്ടിലിരുപ്പ് പലർക്കും യൂ ട്യൂബ് ചാനലിലേക്കുള്ള വഴി കൂടിയാണ്. വാചകം മുതൽ പാചകം വരെ എന്തും യൂട്യൂബിലൂടെ ലൈക്കും ഷെയറും തേടി അലയുന്നതിനിടെ നിരവധി പരാതികളും ആരോപണങ്ങളും ഇതിനകം ഉയർന്നു വന്നിട്ടുണ്ട്. ഫെമിനിസ്റ്റുകളുടെ പേരിൽ അശ്ളീലം വിളിച്ചു പറഞ്ഞ ഒരു യൂട‌്യൂബർക്ക് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും മുഖമടച്ച് അടി കൊടുത്തതും നാം കണ്ടു. പരിധികൾ ലംഘിക്കുന്ന യൂട്യൂബ് ചാനലുകൾക്കും യൂട്യൂബർമാർക്കും നിയന്ത്രണം അനിവാര്യമെന്ന ചിന്തയിലേക്ക് നമ്മുടെ കോടതികളും എത്തിത്തുടങ്ങി. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് അടുത്തിടെ ഇത്തരമൊരു യൂട്യൂബറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് നിരീക്ഷണങ്ങളോടെയാണ്. പരാതിക്കാരി നിഹാരിക ഭരദ്വാജ് റിട്ടേർഡ് മേജറാണ്. സൈനിക സേവനത്തിനുശേഷം വിശ്രമജീവിതത്തിൽ കഴിയുന്ന തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒരു യൂട്യൂബർ നടത്തിയ പരാമർശങ്ങൾക്കെതിരെ ഇവർ പരാതി നൽകി. സബ് കാ സൈനിക് സംഘർഷ് കമ്മിറ്റിയെന്ന യൂട്യൂബ് ചാനലിന്റെ അഡ്മിൻ കൂടിയായ കപിൽ ദേവിനെതിരെയായിരുന്നു പരാതി. ഏപ്രിൽ 15 ന് തന്റെ പേരും പദവിയും അപകീർത്തിപ്പെടുത്താൻ കപിൽ ദേവ് മന:പൂർവം ആക്ഷേപങ്ങൾ ഉന്നയിച്ച് വീഡിയോ തയ്യാറാക്കി യൂട്യൂബിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. സൈനിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഉൾപ്പെടെയുള്ളവ പരാമർശിക്കുന്ന യൂട്യൂബ് ചാനലിൽ തനിക്കെതിരെ വന്ന വീഡിയോ കടുത്ത മാനസിക സംഘർഷത്തിനും പ്രയാസത്തിനും ഇടയാക്കിയെന്നായിരുന്നു ആരോപണം. പൊലീസ് കേസെടുത്തതോടെ കപിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിലെത്തി. തന്റെ ഫോൺ പൊലീസ് പിടിച്ചെടുത്ത സാഹചര്യത്തിൽ കസ്റ്റഡി ആവശ്യമില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയ്യാറാണെന്നുമായിരുന്നു കപിലിന്റെ വാദം. എന്നാൽ ഇതു കോടതി തള്ളി. ഏതൊരു പൗരനും തന്റെ കാഴ്ചപ്പാടുകൾ പരസ്യമായി വ്യക്തമാക്കാൻ അവകാശമുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യമെന്നത് സംസ്കാരമില്ലാത്തതും വിദ്വേഷം ജനിപ്പിക്കുന്നതുമായ ആരോപണം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നായിരുന്നു. ജസ്റ്റിസ് എച്ച്. എസ്. മദന്റെ അഭിപ്രായം. ഒരാൾക്കും നിയന്ത്രണമില്ലാതെ സംസാരിക്കാൻ അവകാശം ഇല്ല. പരാതിക്കാരിയുടെ അന്തസിനെയും പദവിയെയും സമൂഹത്തിലുള്ള നിലയെയും ബാധിക്കുന്ന തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങളാണ് ചാനലിൽ ഉന്നയിച്ചിട്ടുള്ളത്. ഇതിനെ ലഘുവായി കാണാൻ കഴിയില്ല. ആർക്കെതിരെയായാലും ഇത്തരം കടന്നു കയറ്റങ്ങൾ അനുവദിക്കാനാവില്ല. സൈനിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ യൂട്യൂബ് ചാനലിൽ പങ്കുവയ്‌ക്കുന്ന സാഹചര്യത്തിൽ ദേശസുരക്ഷയുടെ വിഷയം കൂടി ഇതിലുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
റെയ്ഡിന് തടിമാടന്മാർ വേണ്ട
ഇതും പഞ്ചാബ് ഹൈക്കോടതിയിലെ കേസാണ്. അടുത്തിടെ ലഹരിമരുന്നു കേസുകളുമായി ഏറെ പഴികേട്ട സംസ്ഥാനമാണ് പഞ്ചാബ്. ഇവിടെ അബ്കാരി കേസുകളിൽ പ്രതികൾ പൊലീസിനെ കാണുമ്പോൾ ഒാടി രക്ഷപ്പെട്ടെന്ന വാദം കോടതിയിലെ സ്ഥിരം പ്രോസിക്യൂഷൻ പല്ലവിയാണ്. ഇതുകേട്ട് സഹികെട്ടാണ് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഇക്കാര്യത്തിൽ കാര്യമായി ഇടപെടാൻ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന എ.ഡി.ജി.പിയോട് ഇതുവരെ അബ്കാരി കേസുകളിൽ പ്രതികൾ ഒാടി രക്ഷപ്പെട്ട കേസുകളുടെ സമ്പൂർണ വിവരങ്ങൾ നൽകാൻ കോടതി നിർദ്ദേശിച്ചു. അബ്കാരി കേസിൽ അറസ്റ്റിലായ പഞ്ചാബ് സ്വദേശി മൽഖീത് സിംഗ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ഒരു സഞ്ചിയുമായി നടന്നു വരികയായിരുന്ന ഹർജിക്കാരൻ പൊലീസിനെ കണ്ട് സഞ്ചിയുപേക്ഷിച്ച് ഒാടി രക്ഷപ്പെട്ടെന്നായിരുന്നു പൊലീസിന്റെ വാദം. 45 കാരനായ ഹർജിക്കാരൻ നാലഞ്ചു പൊലീസുകാരെ കണ്ട് ഒാടിയപ്പോൾ പിടികൂടാൻ കഴിഞ്ഞില്ലെന്ന പൊലീസിന്റെ വാദം അത്ര വിശ്വസനീയമായി കോടതിക്ക് തോന്നിയില്ല. പ്രതി ഒാടി രക്ഷപ്പെട്ടെങ്കിലും അതു മൽഖീത് സിംഗാണെന്നും തനിക്ക് ഇയാളെ നേരത്തെ അറിയാമായിരുന്നെന്നും ഒരു പൊലീസ് കോൺസ്റ്റബിൾ മൊഴി നൽകി. എന്നാൽ ഒരു കേസിലും ഇതുവരെ ഉൾപ്പെട്ടിട്ടില്ലാത്ത മൽഖീത് സിംഗിനെ എങ്ങനെയറിയാമെന്ന ചോദ്യത്തിന് മറുപടി നൽകാൻ പൊലീസുകാരന് കഴിഞ്ഞില്ല. തുടർന്നാണ് അബ്കാരി കേസുകളിലെ പ്രതികളുടെ ഒാടി രക്ഷപ്പെടൽ ഇനി അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് അരവിന്ദ് സിംഗ് സംഗ്‌വാൻ വ്യക്തമാക്കിയത്. റെയ്ഡിനു പോകുമ്പോൾ പ്രതികൾ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചാൽ ഒാടിച്ചിട്ടു പിടികൂടാൻ കഴിയുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരായ പൊലീസുകാരെ ഒപ്പം കൂട്ടണം. അമിതഭാരമുള്ള പൊലീസുകാരെ ഇതിനായി നിയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരം കേസുകളിൽ റെയ്ഡ് നടത്താനുള്ള തീരുമാനം പൊലീസിൽ നിന്നു തന്നെ ചോരുന്നതിനെയും കോടതി വിമർശിച്ചിട്ടുണ്ട്. അബ്കാരി കേസുകളിലും ലഹരിമരുന്നു കേസുകളിലും ഉപേക്ഷ വരുത്തുന്നത് സമൂഹത്തിന് ഏറെ ദോഷം ചെയ്യുന്നമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.