bhai2

സർക്കാർ ചെലവിൽ നാട്ടിലേക്ക് പോയ ഭായിമാർ സ്വന്തം ചെലവിൽ മടങ്ങിയെത്തി തുടങ്ങി

കോലഞ്ചേരി: സർക്കാർ ചിലവിൽ നാട്ടിൽ പോയ ഭായിമാർ, സ്വന്തം ചിലവിൽ മടങ്ങിയെത്തി തുടങ്ങി. കൊവിഡ് പടർന്നുപിടിച്ചപ്പോൾ നാട്ടിലേക്ക് പോകാൻ മുറവിളികൂട്ടി ആഴ്ചകളുടെ കാത്തിരിപ്പിനുശേഷം നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ മിക്കവരും തിരികെ എത്തുകയാണ്.
കയ​റ്റിവിട്ടപ്പോഴുള്ള നടപടി ക്രമങ്ങളും ശുഷ്‌കാന്തിയുമൊന്നും ഇവർ തിരികെയെത്തുമ്പോൾ ഉദ്യോഗസ്ഥരും തൊഴിലുടമകളുമൊന്നും കാണിക്കുന്നില്ല. കുറേപ്പേർ വിമാനത്തിലും ചിലർ ബസിലും,തീവണ്ടിയിലും,ലോറികളിലുമൊക്കെയാണ് വന്നുകൊണ്ടിരിക്കുന്നത്. കണക്കിൽപ്പെടാതെ എത്തുന്നവരുടെ പേരുവിവരങ്ങളോ ആരോഗ്യ പരിശോധനയോ ഒന്നും ലേബർ വകുപ്പിനോ ആരോഗ്യവകുപ്പിനോ ലഭിക്കുന്നില്ല. രാത്രിയിലും പകലുമായി എത്തുന്നവർ പഴയ താവളങ്ങളിൽ ചേക്കേറുകയാണ്. പണിക്കുപോകുവാനും തുടങ്ങി. കവലകളിൽ കൂട്ടം കൂടുന്നതിനും വായിൽ ലഹരി പദാർത്ഥങ്ങളിട്ട് ചവച്ച് തുപ്പുന്നതിനുമൊന്നും നിയന്ത്രണമില്ല.

ലേബർ വകുപ്പിന്റെ കണക്കിൽ ജില്ലയിൽ നിന്നും വിവിധ സംസ്ഥാനക്കാരായ 50,007 പേരെയാണ് കയ​റ്റിവിട്ടത്. കണക്കിൽപ്പെടാതെ ഒട്ടേറെപ്പേരും പോയി.

ഇതിൽ 10,000 ത്തിലധികം പേർ മടങ്ങിയെത്തി. മാർച്ച് അവസാന വാരവും ജൂൺ മാസത്തിലുമാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ മടക്കം തുടങ്ങിയത്. അസം,ഛത്തീസ്ഗഡ്,മദ്ധ്യപ്രദേശ്, യു.പി, ഒഡീഷ, ബക്കാം, കിഷൻഗഞ്ച്, ബീഹാർ തുടങ്ങി പല നാട്ടുകാർ കുടുംബസമേതം നാട്ടിലേക്ക് തിരിച്ചു.

പ്രതിരോധമരുന്നും തീവണ്ടി യാത്രാ ടിക്ക​റ്റും, യാത്രാ സമയത്ത് കഴിക്കാനുള്ള ആഹാരവും റയിൽവേ സ്റ്റേഷനിൽനിന്നും സൗജന്യമായി റവന്യുവകുപ്പ് നൽകുകയും ചെയ്തു. മടങ്ങിയെത്തലിന് ഈ മാനദണ്ഡങ്ങളൊന്നും കണ്ടില്ല.

കെട്ടിട ഉടമകൾ ദു:ഖത്തിലാണ്

അന്യ സംസ്ഥാന തൊഴിലാളികൾ മടങ്ങിയതോടെ ഇവരെ പാർപ്പിച്ചിരുന്ന കെട്ടിട ഉടമസ്ഥർക്കായിരുന്നു കൂടുതൽ നഷ്ടം. ഒരുമുറിയിൽത്തന്നെ നാലും അഞ്ചും പേരെകുത്തിനിറക്കുന്നതായിരുന്നു രീതി. തിരിച്ചെത്തിയപ്പോൾ ഒറ്റ മുറിയിൽ ഒന്നിലധികം പേരെ താമസിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

തരികിടകൾ കുറവല്ല

ഔദ്യോഗിക സംവിധാനത്തിലൂടെ വരുന്നവരിൽ ചിലർ കരാറുകാരുടെ ചെലവിൽ ക്വാറന്റൈനിൽ താമസിച്ച് മുങ്ങുകയും ചെയ്യുന്നുണ്ട്.