panchayath

വാർഡുകൾക്ക് വിചിത്രപേരുകളുമായി ചേരാനല്ലൂർ പഞ്ചായത്ത്

വില്ലേജിനും ഗവ.ആശുപത്രിക്കും അമ്പലത്തിനും പള്ളിക്കുമെല്ലാം മെമ്പർമാരുണ്ട്

കൊച്ചി: വില്ലേജ് ഓഫീസിൽ പഞ്ചായത്ത് മെമ്പർക്കെന്താകാര്യമെന്ന് ആരും ചോദിക്കരുത്. കാര്യമുണ്ട്, ഈ വില്ലേജ് ഓഫീസിന്റെ ഭരണാധികാരി പഞ്ചായത്ത് മെമ്പറാണ്! എന്നുമാത്രമല്ല, ടെലിഫോൺ എക്സേഞ്ചും, പ്രാഥമികാരോഗ്യ കേന്ദ്രവും, ഗവ.എൽ.പി. സ്കൂളും ആരാധന കേന്ദ്രങ്ങളായ തൈക്കാവും, സെന്റ് ജെയിംസ് പള്ളിയും, ഇട‌യക്കുന്നം ക്ഷേത്രവും, കപ്പേളയുമൊക്കെ ഭരിക്കുന്നത് പഞ്ചായത്ത് മെമ്പർമാരാണ്.

പഞ്ചായത്ത് രാജ് നിയമത്തിന്റെ ഭേദഗതിയൊ അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ അദ്ധ്യായമോ അല്ല, ഇത് ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭ്യന്തരകാര്യമാണ്.

ഒന്നും പിടികിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട, വിശദീകരിക്കാം. 17 വാർഡുകളുള്ള ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ 5 വാർഡുകൾക്ക് പൊതുസ്ഥാപനങ്ങളുടേയും മറ്റൊരു 5 വാർഡുകൾക്ക് ആരാധനാലയങ്ങളുടെയും പേരാണ്. രണ്ടാം വാർഡ് പബ്ലിക് ഹെൽത്ത് സെന്റർ, നാലാം വാർഡ് ഗവ.എൽ.പി. സ്കൂൾ, ഒമ്പതാം വാർഡ് വില്ലേജ് ഓഫീസ്, 11ാംവാർഡ് ചിറ്റൂർ ടെലിഫോൺ എക്സ്ചേഞ്ച്, 12 ാം വാ‌ർഡ് പഞ്ചായത്ത് ഓഫീസ്. പൊതുസ്ഥാപനങ്ങളെല്ലാംതന്നെ നാടിന് നാമകാരണമയപ്പോൾ അൽപ്പം മതസൗഹാർദവുമാകാമെന്ന് കരുതി. അങ്ങനെ മൂന്നാം വാർഡിന് തൈക്കാവ് എന്നും അഞ്ചാം വാർഡിന് സെന്റ് ജെയിംസ് പള്ളിയെന്നും പേരിട്ടു. പോരല്ലോ, എല്ലാവർക്കും പരിഗണനവേണ്ടേ? എന്നാൽ ആറാം വാർഡിന് ഇടയക്കുന്നം ക്ഷേത്രം, 14 ാം വാർഡിന് കപ്പേള, പതിനാറാം വാർഡിന് വിഷ്ണുപുരം എന്നും പേരിട്ടു. അങ്ങനെയാണ് വില്ലേജ് ഓഫീസിലും ടെലിഫോൺ എക്സ്ചേഞ്ചിലുമൊക്കെ പഞ്ചായത്ത് മെമ്പർ ഭരണത്തലവന്മാരായത്.

വാ‌‌ർഡുകളുടെ വിചിത്രനാമത്തിൽ മാത്രമല്ല, നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ചേരാനല്ലൂരിന് കോകസന്ദേശത്തിലും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലുമൊക്കെ മഹനീയമായ സ്ഥാനമുണ്ട്. അധ:സ്ഥിത വർഗത്തിന്റെ വിമോചനഗീതമെഴുതിയ പണ്ഡിറ്റ് കെ.പി. കറുപ്പന്റെ ജന്മദേശവും ചേരാനല്ലൂരാണ്.

ഐതിഹ്യമാലയിൽ മാന്ത്രികനായ ചേരാനല്ലൂർ കുഞ്ചുകർത്താവിനെ കുറിച്ച് പറയുന്നുണ്ട്. ചേരാനല്ലൂർ കർത്താവ് കൊച്ചി രാജാവിന്റെ സൈനികതലവനും ദേശവാഴിയുമായിരുന്നു. നാണയ വ്യവസ്ഥ നടപ്പാക്കുന്നതിനുമുമ്പ് ചരക്കുകൈമാറ്റ സമ്പ്രദായവും ഇവിടെ ഉണ്ടായിരുന്നു. പരശുരാമൻ മഴു എറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്ന് വാദിക്കുന്നവർക്ക് നാടിനെ വേണമെങ്കിൽ ഉപമയാക്കാം. കാരണം കടലുവച്ച കരയെന്നാണ് ചേരാനെല്ലൂരിനെക്കുറിച്ച് പ്രാദേശിക ചരിത്രകാരന്മാർ പറയുന്നത്. ചരിത്രമെന്തായാലും വർത്തമാനം സത്യമാണ്. പൊതുസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഈ നാടിന് കണ്ണിലെ കൃഷ്ണമണിപോലെയാണ്.