പറവൂർ: എല്ലാ കുടുംബങ്ങൾക്കും സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകൾ റേഷൻ കടകളിൽ വേണ്ടത്ര എത്താത്തതിനാൽ താലൂക്കിൽ കിറ്റ് വിതരണം അവതാളത്തിൽ. അനുദിനം കിറ്റ് വാങ്ങാൻ വേണ്ടി ഒട്ടേറെയാളുകൾ റേഷൻ കടകളിലെത്തുന്നുണ്ടെങ്കിലും കിറ്റു ലഭിക്കാതെ മടങ്ങിപ്പോകുന്നു. ചില റേഷൻകടക്കാരും ഗുണഭോക്താക്കളും തമ്മിൽ തർക്കങ്ങൾ പതിവായി. കിറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കടകളിൽ ഏറെ നേരം ക്യൂ നിൽക്കുന്നവരുമുണ്ട്. കൊവിഡ് വ്യാപനമുള്ള സാഹചര്യത്തിൽ പലതവണ കിറ്റ് വാങ്ങാൻ കടകളിൽ എത്തേണ്ടി വരുന്നത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരം സാഹചര്യങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിന് പ്രതിസന്ധിയുണ്ടാക്കുന്നു. താലൂക്കിൽ 149 റേഷൻ കടകളിലായി ഒരു ലക്ഷത്തി പതിനായിരത്തിലേറെ കാർഡുകളുണ്ട്.