
കൊച്ചി: സ്കൂൾ കുട്ടികളുടെ വിശപ്പടക്കിയിരുന്ന പാചകത്തൊഴിലാളികൾക്ക് കൊവിഡുകാലത്ത് ദുരിതം. കഴിഞ്ഞ നാലു മാസമായി വരുമാനമില്ല. സൗജന്യ റേഷനും ഭക്ഷ്യക്കിറ്റും ലഭിക്കുന്നതിനാൽ അടുപ്പിൽ തീ പുകയുന്നുണ്ട്. പക്ഷേ, കൈയിൽ നയാപൈസയില്ലാത്തതിനാൽ മക്കളുടെ പഠനാവശ്യങ്ങൾക്ക് ഫോൺ റീചാർജ് ചെയ്യാൻ പോലും കഴിയുന്നില്ല.
വാടകവീടുകളിൽ താമസിക്കുന്നവരുടെ വാടക, വെള്ളം, വൈദ്യുതി ചാർജ് എന്നിവയെല്ലാം കുടിശികയാണ്. ചിട്ടിയും വായ്പാതിരിച്ചടവും മുടങ്ങി. 60 വയസിന് മേൽ പ്രായമുള്ള ധാരാളം തൊഴിലാളികൾ ഇക്കൂട്ടത്തിലുണ്ട്. സംസ്ഥാനത്ത് 13,670 സ്കൂൾ പാചകത്തൊഴിലാളികളുണുള്ളത്.
ഗതികേട് തുടരുന്നു
പ്രവൃത്തിദിനങ്ങളിൽ 550 രൂപയാണ് കൂലി. രാവിലെ എട്ടു മുതൽ ഉച്ചവരെയാണ് ജോലി. കഴിഞ്ഞ മാർച്ച് എട്ടിന് സ്കൂൾ അടച്ചു. 20 ദിവസത്തെ ശമ്പളം ലഭിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിൽ 2,000 രൂപ വീതം ലഭിച്ചു. ലോക്ക്‌ഡൗൺ കാലത്ത് സർക്കാർ അനുവദിച്ച 1000 രൂപയും ഓണത്തിന് ഉത്സവബത്തയായി 1,300 രൂപയും കിട്ടി. ജൂൺ മുതലുള്ള വിഹിതമായി 1,600 രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് വന്നതാണ് ഒരേയൊരു ആശ്വാസം.
11 വർഷം മുമ്പാണ് ജോലിക്ക് ചേർന്നത്. അന്ന് 50 രൂപയായിരുന്നു കൂലി. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് കിടപ്പിലാണ്. മക്കളിൽ ഒരാൾ ഐ.ടി.ഐ. ഇളയവൻ പ്ളസ് ടു കഴിഞ്ഞു. എന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുകൂടുന്നത്. ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നതിനാൽ ഈമാസം മുതൽ തൊഴിലുറപ്പിന് പോയിത്തുടങ്ങി. പണിയുള്ള ദിവസങ്ങളിൽ 291 രൂപയാണ് കൂലി. എന്ന് കിട്ടുമെന്ന് നിശ്ചയമില്ല.
ബിന്ദു, അങ്കമാലി
അസംഘടിത തൊഴിലാളികളായ പാചകതൊഴിലാളികള ക്ഷേനിധിയിൽ ഉൾപ്പെടുത്തണം. ഇൻഷ്വറൻസ് പരിരക്ഷ നൽകണം.
ഗീവർഗീസ് എം.വി, സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു )