പറവൂർ: ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് തുടങ്ങും. കൊവിഡിന്റെ സാഹചര്യത്തിൽ ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് നടക്കുന്നത്. സംഗീതോത്സവം, നൃത്തപരിപാടികൾ ഒഴിവാക്കി. ക്ഷേത്രദർശനത്തിന് കർശന നിയന്ത്രണങ്ങളുണ്ട്. ഒരേസമയം ഇരുപതുപേരെയേ നാലമ്പലത്തിനകത്ത് പ്രവേശിപ്പിക്കൂ. പത്ത് വയസിൽ താഴെയും 65ന് മുകളിലുമുള്ളവരെ നാലമ്പലത്തിനകത്ത് പ്രവേശിപ്പിക്കില്ല. വിജയദശമി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ആറുമുതലാണ് പ്രവേശനം. ദുർഗാഷ്ടമി ദിനമായ 23ന് വൈകിട്ട് 4.30ന് പൂജവയ്പ്പ്. വിജയദശമിദിനമായ 26ന് പുലർച്ചെ 4ന് പൂജയെടുപ്പ്. 5ന് വിദ്യാരംഭം. 65 വയസ്സിൽ താഴെയുള്ള ഗുരുക്കന്മാരെയാണ് ഇത്തവണ വിദ്യാരംഭത്തിന് ഉൾക്കൊള്ളിച്ചിരിക്കുന്നത്. നാലമ്പലത്തിന് പുറത്തുവച്ച് നടത്തുന്ന വിദ്യാരംഭത്തിന് എത്തുന്ന കുട്ടികളുടെ കൂടെ രണ്ടു പേരെ മാത്രമേ പ്രവേശിപ്പിക്കൂ. ഗുരുക്കന്മാരുടെ നിർദേശങ്ങൾക്കനുസരിച്ച് കൂടെയുള്ളവർ തന്നെ കുട്ടിയെ എഴുത്തിനിരുത്തണം.