police

കോലഞ്ചേരി: സ്‌കൂളിൽ പോകാനാകാതെ വീട്ടിലിരിക്കേണ്ടിവരുന്ന കുട്ടികളുടെ മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവിഷ്‌കരിച്ച 'ചിരി' ഹെൽപ്പ് ലൈനിന് മികച്ച പ്രതികരണം. ഇതുവരെ 2500 കോളുകളാണ് ചിരിലേക്ക് എത്തിയത്. കോളുകൾക്കെല്ലാം പൊലീസ് ഇടപെടലും വേഗത്തിലാണ്. അതേസമയം കുട്ടികൾ മാത്രമല്ല. അദ്ധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിളിക്കുന്നുണ്ട്. ഓൺലൈൻ പഠനത്തിന്റെ ബുദ്ധിമുട്ടുകൾ, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികൾ ചിരിയുടെ കോൾ സെന്ററുമായി പങ്ക് വയ്ക്കുന്നത്.

മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകൾ. ഗുരുതരമായ മാനസികപ്രശ്‌നങ്ങൾക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവർക്ക് ചിരി കോൾ സെന്ററിൽ നിന്ന് അടിയന്തിരമായി പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കും. മാനസികപ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്ക് കുട്ടികൾ തന്നെ ടെലിഫോണിലൂടെ കൗൺസലിംഗും നൽകുന്നുണ്ട്. മുതിർന്ന സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ, ഔർ റെസ്‌പോൺസിബിലി​റ്റി ടു ചിൽഡ്രൻ പദ്ധതിയിൽ അംഗങ്ങളായ കുട്ടികൾ എന്നിവരിൽ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളന്റിയർമാർ.

സേവന തൽപരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധർ, മന:ശാസ്ത്രജ്ഞർ, അദ്ധ്യാപകർ എന്നിവരുൾപ്പെടുന്ന വിദഗ്ദ്ധസമിതി ഇവർക്ക് മാർഗനിർദേശങ്ങൾ നൽകും. എല്ലാ ജില്ലകളിലെയും അഡീഷണൽ എസ്.പിമാരും സ്റ്റുഡന്റ് പൊലീസ് കേഡ​റ്റിന്റെ ചുമതലയുള്ള ഡിവൈ.എസ്.പിമാരുമാണ് ചിരി പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്. ഐ.ജി പി.വിജയനാണ് പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസർ. 9497900200 എന്നതാണ് ഹെൽപ് ലൈൻ നമ്പർ