മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലുള്ള ഉണക്കമീൻ മാർക്കറ്റ് വീണ്ടും മാലിന്യനിക്ഷേപകേന്ദ്രമായി മാറി . ഉണക്ക മത്സ്യമെത്തുന്ന കൊട്ടകളും ചപ്പുകളും മറ്റും നീക്കം ചെയ്യാതെ മാർക്കറ്റിന്റെ സൈഡിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ നിന്നും വമിക്കുന്ന ദുർഗന്ധം ജനജിവിതെ ദുസഹമാക്കുന്നു. രണ്ടു മാസം മുമ്പ് ഇവിടെ മാലിന്യത്തിന് തീപിടിച്ചതിനെ തുടർന്ന് പ്രതിക്ഷേധവുമായി നാട്ടുകാർ രംഗത്തു വന്നിരുന്നു. മീൻ വരുന്ന കൊട്ടകൾ അടക്കം കച്ചവടക്കാർ തീ ഇട്ടതാണന്നന്നും, ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധമുയർന്നത്. ഒടുവിൽ ഫയർഫോഴ്സിനെ വിളിച്ചു വരുത്തി തീ അണക്കു കയായിരുന്നു .ഇതിനു ശേഷം മാലിന്യ നീക്കം ചെയ്യുമെന്ന് പറഞ്ഞിരുന്നങ്കിലും നടന്നിട്ടില്ല.വീണ്ടും ഇവിടെ മാലിന്യ നിക്ഷേപം തുടർന്നതോടെയാണ് മാലിന്യം കുന്നുകൂടി പരിസരം ദുർഗന്ധ പൂരിതമായത്.
നവീകരണത്തിനായി പദ്ധതികൾ
പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല
ഉണക്കമീൻ മാർക്കറ്റ് നവീകരണത്തിനായി ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. ഈ കൗൺസിലിന്റെ കാലത്ത് രണ്ട് തവണ പണം അനുവദിച്ചങ്കിലും ഇത് വകമാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം 12 ലക്ഷം രൂപയും ,അതിനു മുമ്പ് 9 ലക്ഷം രൂപയുമാണ് വകയിരുത്തിയിരുന്നത്. നിലവിൽ കീച്ചേരി പടി - റോട്ടറി റോഡരികിലെ താത്കാലിക ഷെഡിലാണ് ഉണക്കമീൻ മാർക്കറ്റ് പ്രവർത്തിക്കുന്നത്.
മലിനജലം കെട്ടികിടക്കുന്നു
മഴയാരംഭിച്ചതോടെ മാലിന്യങ്ങൾ ഒഴുകി പോകാൻ സൗകര്യമില്ലാത്തതുമൂലം ഉപ്പു കലർന്ന മലിനജലം റോഡിലേക്കും ഒഴുകി എത്തുന്നുണ്ട്. ഉപ്പും മറ്റും കലർന്ന മലിന ജലം കെട്ടിക്കിടന്ന് ഈ ഭാഗത്ത് റോഡ് പൂർണമായി തകർന്നിരിക്കുകയാണ്. ഇതിനിടെയിലാണ് മാർക്കറ്റിൽ മാലിന്യവും കുന്നുകൂടികിടക്കുന്നത്.