കൊച്ചി: പൊന്നുരുന്നി മാർഷലിംഗ് യാർഡ് ആധുനിക റെയിൽവേ ടെർമിനലാക്കി മാറ്റുന്നത് സംബന്ധിച്ച് സാദ്ധ്യത പഠനം നടത്തുന്നതിനും ഡി.പി.ആർ തയ്യാറാക്കുന്നതിനും കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ആർ.ഡി.സി. എൽ) സതേൺ റയിൽവേ അനുമതി നല്കി. പദ്ധതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിന് കെ.ആർ.ഡി.സി.എല്ലിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കഴിഞ്ഞ മാസം ഒമ്പതിന് സതേൺ റെയിൽവേ ജനറൽ മാനേജർക്ക് കത്ത് നല്കിയിരുന്നു. എം.പിക്ക് നല്കിയ മറുപടിയിലാണ് കെ.ആർ.ഡി.സി എല്ലിന് അനുമതി നല്കിയ കാര്യം അറിയിച്ചത്.

റെയിൽവേയ്ക്ക് 110 ഏക്കറോളം ഭൂമിയുള്ള മാർഷലിംഗ് യാർഡിൽ രാജ്യാന്തര നിലവാരത്തിലുള്ള ടെർമിനൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെയും റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവിനെയും കണ്ടിരുന്നു. അദ്യം റെയിൽവേ ലാൻഡ് ഡവലപ്‌മെന്റ് അതോറിറ്റിയെ ഏൽപ്പിച്ചെങ്കിലും പുരോഗതിയില്ലാതെ വന്നപ്പോഴാണ് കെ.ആർ. ഡി.സി.എല്ലിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ രംഗത്തെത്തിയത്.ഗുഡ്‌സ് ലൈനുകൾ നിലനിർത്തണമെന്ന് റെയിൽവേ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ ആറു പ്ളാറ്റ്‌ഫോമുകളുള്ള സ്റ്റേഷനാണ് ഇപ്പോൾ പൊന്നുരുന്നിയിൽ പരിഗണിക്കുന്നത്.

വൈറ്റിലക്ക് സമീപം റെയിൽവേ സ്റ്റേഷൻ ലഭിക്കും

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്നതിനുള്ള സാദ്ധ്യത പഠിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ടെർമിനൽ കോംപ്ളക്‌സായി പൊന്നുരുന്നി മാറിയാൽ വൈറ്റിലക്ക് സമീപം റെയിൽവേ സ്റ്റേഷൻ ലഭിക്കും. ഇപ്പോൾ സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്ഥലപരിമിതി മൂലം നേരിടുന്ന പ്രശ്‌നങ്ങൾക്കും ഇതോടെ പരിഹാരമാകും. ട്രെയിനുകൾ കൃത്യ സമയം പാലിക്കുകയും ചെയ്യും. കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്നതോടെ പൊന്നുരുന്നിയിൽ നിന്നു കൂടുതൽ ട്രെയിൻ സർവീസുകളും സാദ്ധ്യമാകും.