vellam
മഴുവന്നൂരിലെ കനാലിലൂടെ ഒഴുകുന്ന പാറപ്പൊടി കലർന്ന വെള്ളം

കോലഞ്ചേരി: വെള്ളം, വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്ര എന്ന സ്ഥിതിയാണ് മഴുവന്നൂരിൽ. ശുദ്ധ ജല സ്രോതസുകളിൽ പാറപ്പൊടി കലർന്ന വെള്ളം ഒഴുകുന്നതോടെ വെള്ളമുണ്ടെങ്കിലും കുടിക്കാൻ കഴിയാത്ത അവസ്ഥയാണ്. മഴുവന്നൂരിലെ കിളികുളത്ത് തോട്ടിൽ കുളിച്ചാൽ ചൊറിച്ചിൽ മാത്രമാണ്. വടക്കേ മഴുവന്നൂർ ബ്ലാന്തേവർ ജംഗ്ഷൻ, കിളികുളം എ.വി.ടി കവല വഴി കവിതാപ്പടി വരെയുള്ള ഭാഗങ്ങളിലെ ജനങ്ങൾക്കാണ് ദുരിതം. മഴുവന്നൂർ ആരോഗ്യ കേന്ദ്രത്തിനു പിന്നിലെ പാടശേഖരങ്ങളിലും മലിന ജലം കൃഷിയെ ബാധിക്കുന്നുണ്ട്.ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പെരിയാർവാലി സബ് കനാലുകൾ വഴി പാറപ്പൊടി കലർന്ന ജലമാണ് ഒഴുകുന്നത്. ഇത് പ്രദേശത്തെ ശുദ്ധജല സ്രോതസുകൾ മലിനമാവുകയും കൃഷിയിടങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ സ്പർശിക്കുന്നവർക്ക് ചൊറിച്ചിൽ ഉണ്ടാകുന്നതായും പരാതിയുണ്ട്. മഴക്കാലമായാൽ വലിയതോതിലുള്ള പാറപ്പൊടി കലർന്ന മലിനജലമാണ് കനാലുകൾ വഴി ഒഴുകിവരുന്നത്.

മെ​റ്റൽ ക്രഷർ യൂണി​റ്റുകൾക്കെതിരെ പ്രതിഷേധം

മെ​റ്റൽ ക്രഷർ യൂണി​റ്റുകളിൽ നിന്നും ഒഴുക്കി വിടുന്ന പാറപ്പൊടി കലർന്ന വെള്ളം മഴുവന്നൂർ പഞ്ചായത്തിലെ കിളികുളം, ഐരാപുരം മേഖലകളിലെ ജനജീവിതം ദുസഹമാക്കുന്നു. കുളിക്കാനും കുടിക്കാനുമുള്ള വെള്ളം മലിനമാക്കുന്ന ക്രഷർ യൂണി​റ്റുകളുടെ നടപടിക്കെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയിട്ടുള്ളത്. മെ​റ്റൽ പൊടി കഴുകി മണലാക്കുമ്പോഴുണ്ടാകുന്ന ജലം ശുദ്ധീകരിക്കാതെ പുറന്തള്ളുമ്പോഴും,സ്റ്റോക്കു ചെയ്തിരിക്കുന്ന മെ​റ്റൽ പൊടി മഴ വെള്ളത്തിൽ കുതിർന്ന് കനാലിലേക്ക് ഒഴുകിയും പാറപ്പൊടി കലർന്ന വെള്ളം കനാലിലെത്തുകയാണ്.

പരാതി നൽകിയിട്ടും നടപടിയില്ല

വടക്കേ മഴുവന്നൂർ പ്രദേശങ്ങളിലെ ക്രഷർ യൂണി​റ്റുകളിൽ നിന്നാണ് ഇത്തരം ജനദ്റേഹനടപടികൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. തുടർച്ചയായുള്ള നാട്ടുകാരുടെ പരാതികൾ കേൾക്കാതെ ക്രഷർ യൂണിറ്റുകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് അധികൃതരെന്നും നാട്ടുകാർ ആരോപിക്കുന്നു.ഇതോടെ മഴക്കാലത്തും കുടിവെള്ളത്തനു അലയേണ്ട ഗതികേടാണുള്ളത്.