പട്ടിമറ്റത്തേക്കുള്ള വഴികളെല്ലാം കുഴികൾ വിഴുങ്ങി

കോലഞ്ചേരി: വഴി നിറയെ കുഴി, പട്ടിമ​റ്റത്തേയ്‌ക്കെത്താൻ വഴിയില്ല. ടൗണിലേയ്‌ക്കെത്തുന്ന പ്രധാന റോഡുകളെല്ലാം തകർന്നതോടെ വാഹന യാത്രികർ വലയുകയാണ്. വ്യാപാരികൾക്കും ഇത് തിരിച്ചടിയായി. മഴ മാറി വെയിലെത്തുമ്പോൾ കടകളിൽ പൊടിനിറയുകയാണ്. വില്പനയും കുറഞ്ഞു.

കൊവിഡിൽ പൊതുവെ കച്ചവടം കുറഞ്ഞു നില്ക്കുമ്പോഴാണ് ഇടിത്തീയായി വാഹനങ്ങളുടെ റൂട്ടു മാറ്റം കച്ചവടക്കാരെ ബാധിച്ചത്. കിഴക്കമ്പലം, മൂവാ​റ്റുപുഴ, പുത്തൻകുരിശ് ഭാഗങ്ങളിലേക്കുള്ള വഴികളെല്ലാം തകർന്ന് തരിപ്പണമായി കിടക്കുകയാണ്.

മൂവാ​റ്റുപുഴ ഭാഗത്തു നിന്നു വരുന്നവർ തട്ടാംമുഗളിൽ തിരിഞ്ഞ് മഴുവന്നൂർ കടയിരുപ്പ് വഴിയും, കിഴക്കമ്പലത്തു നിന്നു വരുന്നവർ പഴന്തോട്ടം, പുളിഞ്ചുവട്, കടയിരുപ്പ് വഴിയും, പുത്തൻകുരിശിൽ നിന്ന് വരുന്നവർ പുളിഞ്ചുവട് കടയിരുപ്പ് വഴിയും പോകുന്നു.

ഓരോ കുഴികളും ഒന്നരയടി വരെ താഴ്ന്ന് ഗർത്തങ്ങളായ സ്ഥിതിയാണ്. കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാട് പ​റ്റുന്നതിനാൽ നാലു ചക്ര, ഇരുചക്ര വാഹനങ്ങൾ കുഴിയുള്ള റോഡ് ഒഴിവാക്കി പോവുകയാണ്.

കൂടാതെ പട്ടിമ​റ്റം ടൗണിൽ 150 ലധികം ഓട്ടോകൾ ഉണ്ട്. ഓട്ടോക്കാർക്കും ദുരിതമാണ് ഈ റോഡുകൾ. ഓട്ടവും കുറഞ്ഞു. ഓട്ടോകൾക്ക് അറ്റകുറ്റപ്പണി ഒഴിഞ്ഞ ദിവസവുമില്ല.

റോഡുകളുടെ പണി എന്നു തുടങ്ങുമെന്ന കാര്യം അനിശ്ചിതമായി നീളുകയാണ്.

വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

പട്ടിമറ്റത്തെ തകർന്ന റോഡുകൾ നന്നാക്കാൻ അടിയന്തരമായി ജനപ്രതിനിധികൾ ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി.വി ഗോപാലൻ, ജനറൽ സെക്രട്ടറി ടി.പി അസൈനാർ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് കെ.കെ ഗിരീഷ്, സെക്രട്ടറി കെ.എം ഷെമീർ എന്നിവർ ആവശ്യപ്പെട്ടു.