മൂവാറ്റുപുഴ: മികച്ച സിനിമാ എഡിറ്റർക്കുള്ള പുരസ്‌കാരം നേടിയ കിരൺദാസ് മൂവാറ്റുപുഴയുടെ അഭിമാനമായി മാറി. അവാർഡ് വിവരം അറിഞ്ഞതോടെ കിരണിന്റെ വസതിയിലേക്ക് അഭിനന്ദന പ്രവാഹത്തിന്റെ കുത്തൊഴുക്കാണ് . മൂവാറ്റുപുഴ കടാതി അമ്പലംപടി മാനിക്കാട്ട്കുടി വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി. എൻജിനീയർ രവീന്ദ്രദാസിന്റേയും തുളസിയുടേയും മകനാണ് കിരൺ. പ്രാഥമിക വിദ്യാഭ്യാസം മൂവാറ്റുപുഴ നിർമ്മല ഹൈസ്‌കൂളിലും, തുടർന്ന് വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജ്, എസ്.എസ്.എം എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലുമായി പഠനം പൂർത്തിയാക്കി. ഇതിന് ശേഷമാണ് എഡിറ്റിംഗ് പഠിക്കുന്നത്. പുരസ്‌കാരം ലഭിക്കുമെന്ന് ചിന്തിച്ചിട്ടു പോലുമില്ലെന്ന് കിരൺ പറയുന്നത്.
ചിത്രസംയോജനത്തിന്റെ ബാലപാഠങ്ങൾ മുതൽ ദൃശ്യപ്പെരുമയുടെ കാന്തിക ഭാവം വരെ സ്വയം അറിഞ്ഞയാളാണ് കിരൺദാസ്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ജോസഫ്, അമ്പിളി, മൂത്തോൻ, സമക്ഷം, പാവ തുടങ്ങിയ പത്തോളം സിനിമകളിലാണ് കിരണിന്റെ കയ്യൊപ്പ് വീണത്. ഇപ്പോൾ പുരസ്‌കാരം നേടിയ അനുരാജിന്റെ ഇഷ്‌കിലെത്തിയപ്പോഴേക്കും മികച്ച എഡിറ്ററായി കിരൺ മാറിയിരുന്നു. . എൻജിനീയറിംഗ് ബിരുദധാരിയായ കിരൺ കോളേജ് പഠന കാലം മുതൽ എഡിറ്റിംഗിൽ ശ്രദ്ധ പതിപ്പിച്ചു. ചെറു പരസ്യ ചിത്രങ്ങളിൽ തുടങ്ങി സീരിയലുകളിലും ടെലിഫിലിമുകളിലും ഡോക്യുമെന്ററികളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. പൂർണചുമതലയോടെ കിരൺ ആദ്യ ദൃശ്യസംയോജനം നടത്തിയ സിനിമ പാവയാണ്. എഡിറ്റിംഗ് കേവലം എഡിറ്ററുടെ കൈപ്പണിയല്ല മറിച്ച് അത് കൂട്ടായ വലിയ ചർച്ചയുടെ ഫലമാണെന്നാണ് കിരൺ പറയുന്നത്. ചലച്ചിത്രം നന്നാവുന്നത് ഈ ചർച്ച ഫലം കാണുമ്പോഴാണ്. ആത്മാർത്ഥമായ നല്ല ചർച്ചയിലൂടെ ദൃശ്യങ്ങളെ എങ്ങിനെ അവതരിപ്പിക്കണം എന്ന് നിശ്ചയിക്കുന്നിടത്താണ് വിജയം ഇരിക്കുന്നത്. ഇഷ്‌കിന്റെ വിജയവും അതാണെന്ന് കിരൺ പറയുന്നു. പാലക്കാട് സ്വദേശിനി ദിവ്യയാണ് കിരണിന്റെ ഭാര്യ. സ്‌കൂൾ വിദ്യാർത്ഥികളായ പ്രയദർശൻ, യുവൻകിരൺ എന്നിവരാണ് മക്കൾ. അരുൺദാസ്, വരുൺദാസ് എന്നിവരാണ് സഹോദരങ്ങൾ. അടുത്ത ചിത്രത്തിന്റെ പ്രവർത്തനങ്ങൾക്കായി തൃപ്രയാറിലിരിക്കുമ്പോഴാണ് അവാർഡ് വിവരം അറിയുന്നത്.