
തൃക്കാക്കര: കളക്ടറേറ്റിലും, താലൂക്ക് , വില്ലേജ് ഓഫീസ് ഉൾപ്പെടെയുള്ള റവന്യൂ വകുപ്പിന് കീഴിലുള്ള ഓഫീസുകളിലെ സ്ഥലം മാറ്റങ്ങളിൽ വൻ അഴിമതി നടക്കുകയാണെന്നും, കഴിഞ്ഞ നാലരവർഷത്തെ സ്ഥലം മാറ്റങ്ങളും നിയമനങ്ങളും വിജിലൻസ് അന്വേഷിക്കണമെന്ന് എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തോമസ് ഹെർബിറ്റ് ആവശ്യപ്പെട്ടു. കളക്ട്രേറ്റിലെ മാനദണ്ഡ വിരുദ്ധ അന്യായമായ സ്ഥലം മാറ്റം അവസാനിപ്പിക്കുക, സ്ഥലം മാറ്റങ്ങളിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി. ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ അച്ചടക്ക നടപടി സ്വീകരിച്ച് സ്ഥലം മാറ്റിയ ഭരണാനുകൂല സംഘടനാ നേതാവിനെ തിരിച്ച് കളക്ടറേറ്റിൽ നിയമിച്ച എ.ഡി. എമ്മിന്റെ തീരുമാനവും പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.എൻ.ജി. ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആന്റണി സാലു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.വി ജോമോൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ.ജി.രാജീവ്, എം.വി. അജിത്ത്കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എം. ബാബു, ജെ. പ്രശാന്ത്, ജില്ലാ ജോ : സെക്രട്ടറി അനിൽ വർഗീസ്, എച്ച്. വിനീത്, ജോഷി മാലിപ്പുറം, സി.പി ഇഗ്നേഷ്യസ്, നിഷാന്ത് മോഹൻ, രോഷൻ.പി നെൽസൺ, അബ്ദുൾ സലാം, ശശി തുടങ്ങിയവർ സംസാരിച്ചു.