വൈപ്പിൻ : റോഡ് കൈയേറിയ കടകളെ ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് വളപ്പ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡിന് ഇരുവശവുമുള്ള ഇരുപത്തിരണ്ടോളം കടകൾക്ക് പി. ഡബ്ല്യു.ഡി റോഡ്‌സ് അസി. എക്‌സി. എൻജിനിയർ നോട്ടിസ് നൽകി. റോഡിലേക്കുള്ള കൈയേറ്റം ഏഴ് ദിവസത്തിനകം ഒഴിയാനാണ് ആവശ്യം. നിശ്ചിത ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കിൽ വകുപ്പ് നേരിട്ട് ഒഴിപ്പിക്കുകയും ഇതിനു വേണ്ടിവരുന്ന ചെലവ് കൈയേറ്റക്കാരിൽനിന്ന് ഈടാക്കും.
മീൻ,ഇറച്ചി, പലചരക്ക് , ഇരുമ്പ് , സ്റ്റേഷനറി തുടങ്ങിയ വ്യാപാരങ്ങൾ നടത്തുന്ന കടകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പൊതുജനങ്ങളും ഓട്ടോറിക്ഷ ഡ്രൈവർമാരും പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് ഒരു റോഡിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് എക്‌സി. എൻജിനിയർ സ്ഥലത്തെത്തിയപ്പോൾ സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾ കൈയേറ്റങ്ങൾ ചൂണ്ടിക്കാണിച്ച് ബോദ്ധ്യപ്പെടുത്തുകയായിരുന്നു. തുടർന്നാണ് നടപടികൾ വേഗത്തിലായത്.