
കോലഞ്ചേരി: കൊവിഡ് കാലത്ത് വെറുതേ നിന്നും കിടന്നും തിന്നും ആനകൾക്കും തടികൂടി. പുറമേ ആരോഗ്യപ്രശ്നങ്ങളും. പരിഹാരമായി കേരളത്തിലെ ഗജരാജന്മാരൊക്കെ രാവിലെയും വൈകിട്ടും നടപ്പാണ്. എരണ്ട കെട്ടാണ് ( മലബന്ധം ) ഇപ്പോൾ ആനകളുടെ പ്രധാന ഏനക്കേട്.വർഷങ്ങളായി നാട്ടാനകളുടെ സഞ്ചാരം ലോറിയിലായതോടെ നടത്തം കുറവാണ്. ഉത്സവങ്ങളും ആഘോഷങ്ങളും കൊവിഡ് മുടക്കിയതോടെ ഉള്ള അദ്ധ്വാനവും ഇല്ലാതായി. ദഹന പ്രക്രിയയെ ബാധിച്ചു.മുമ്പൊക്കെ ഇരുപതും മുപ്പതും കിലോമീറ്റർ നടത്തിയായിരുന്നു എഴുന്നള്ളിപ്പിനും മറ്റും കൊണ്ടുപോയിരുന്നത്. ഗജരാജൻ തിരുവമ്പാടി ശിവസുന്ദർ അടക്കം എട്ട് ആനകളാണ് ജനുവരി ഒന്നിനുശേഷം സംസ്ഥാനത്ത് ചരിഞ്ഞത്. 2017ൽ 20 ഉം 2016ൽ 26ഉം ആനകൾ ചരിഞ്ഞു. പരിപാലനത്തിലെ മാറ്റമാണ് എരണ്ടകെട്ടിനു കാരണമായി ആനചികിത്സകരും ആനപ്രേമികളും പറയുന്നത്. കാട്ടാനകൾക്ക് ഈ പ്രശ്നം ഇല്ല. ആറേഴുമാസമായി ആനകളെല്ലാം സമ്പൂർണവിശ്രമം തന്നെ. പനംപട്ടയ്ക്കു പകരം ഈർപ്പമുള്ള ഇലകൾ കൂടുതലായി കൊടുക്കണമെങ്കിലും അതും നടപ്പാവുന്നില്ല. പനംപട്ടയും തെങ്ങോലയുമാണ് മുഖ്യാഹാരം.
എരണ്ടകെട്ട്
പിണ്ടം പുറത്തേക്ക് പോകാത്ത അവസ്ഥ. ഏഴെട്ടു മീറ്റർ നീളമുള്ള ആനയുടെ കുടലിലൂടെ കടന്നുപോകുന്ന തീറ്റ ഏതെങ്കിലും ഭാഗത്ത് തടസം നേരിട്ടാൽ പിന്നീട് നീങ്ങാതെ വരും. ഉരുളകളായി മാറുന്ന തീറ്റ നീങ്ങാതാകുന്നതോടെ ദഹന പ്രക്രിയ പാടെ തെറ്റും. പിന്നീട് ഭക്ഷണം കഴിക്കാതെ പെട്ടെന്ന് തളർച്ചയിലേക്കു മാറും. വയറിളക്കം കൂടി ആയാൽ ജലാംശം കുറഞ്ഞ് ആന വീണുപോകും.
ജീവിതരീതി മാറ്റണം വ്യായാമക്കുറവ് കൂടാതെ വാഹനങ്ങളിൽ ആനയെ കൊണ്ടു പോകുമ്പോഴുണ്ടാകുന്ന വായു കോപവും, ഭക്ഷണത്തിലെ മാറ്റങ്ങളും, നാരുള്ള ഭക്ഷണങ്ങളുടെ കുറവും എരണ്ടകെട്ട് വർദ്ധിപ്പിക്കുന്നുണ്ട്.
ഡോ.സുനിൽകുമാർ
ആന ചികിത്സകൻ,
ഫെലിക്കൻ പെറ്റ് ഹോസ്പിറ്റൽ
തൃപ്പൂണിത്തുറ